Life In Christ - 2025

അശരണർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളി സന്യാസിനിക്ക് പാപ്പയുടെ ആദരം

സ്വന്തം ലേഖകന്‍ 20-11-2019 - Wednesday

വത്തിക്കാന്‍ സിറ്റി: തെരുവിൽ ഉപേക്ഷിക്കപെട്ട സ്ത്രീകൾക്കും, കുട്ടികൾക്കും വയോധികര്‍ക്കും രണ്ടു പതിറ്റാണ്ടിലധികമായി അഭയമൊരുക്കുന്ന മലയാളി സന്യാസിനി സിസ്റ്റർ ലൂസി കുര്യന് ഫ്രാൻസിസ് മാർപാപ്പയുടെ ആദരം. തിങ്കളാഴ്ച വത്തിക്കാനിലെത്തിയ സിസ്റ്റർ ലൂസി കുര്യനെ അതീവ സന്തോഷത്തോടും സൗഹാര്‍ദ്ദത്തോടും കൂടിയാണ് പാപ്പ സ്വീകരിച്ചത്. 1997ൽ മഹാരാഷ്ട്രയിലെ പൂനയിൽ ആശ്രയമില്ലാതെ അലയുന്നവർക്ക് അഭയം നൽകാനായി സിസ്റ്റർ ലൂസി സ്ഥാപിച്ച മാഹെർ എന്ന സംഘടന ഇന്നു അനേകരുടെ കണ്ണീരൊപ്പുകയാണ്. പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം തന്റെ ശുശ്രൂഷ ജീവിതത്തെ കുറിച്ച് സിസ്റ്റര്‍ ലൂസി വത്തിക്കാന്‍ റേഡിയോയോട് മനസ്സ് തുറന്നു.

ഒരിക്കല്‍ ക്രൂരനായ ഭർത്താവിൽ നിന്നുമുണ്ടാകുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷതേടി ഗർഭിണിയായ സ്ത്രീ വേദനയോടെ തന്നെ കാണാനെത്തി. അടുത്ത ദിവസം താമസിക്കാനുള്ള സൗകര്യം എവിടെയെങ്കിലും ഒരുക്കി തരാമെന്ന് ഉറപ്പും നൽകി. ദുഃഖത്തോടെ തിരികെ മടങ്ങിയ ആ സ്ത്രീയെ വൈകുന്നേരം ഭർത്താവ് തീകൊളുത്തി കൊന്നു. ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരണമടഞ്ഞു. പ്രസ്തുത സംഭവമായിരുന്നു സ്ത്രീകൾക്കായി ഒരു അഭയ കേന്ദ്രമാരംഭിക്കാൻ സിസ്റ്റർ ലൂസിക്ക് പ്രേരണ നൽകിയത്. മഹാരാഷ്ട്ര കൂടാതെ ജാർഖണ്ഡിലും സംഘടനക്ക് ഇന്നു സാന്നിധ്യമുണ്ട്.

അശരണർക്കായി സുരക്ഷിതമായ ഭവനങ്ങൾ ഒരുക്കി നൽകുകയെന്നതാണ് മാഹെർ എന്ന സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. അഭയകേന്ദ്രങ്ങളിലുള്ള കൂടുതൽ സ്ത്രീകളെയും തെരുവിൽ നിന്നും ലഭിച്ചതാണെന്നാണ് സിസ്റ്റർ ലൂസി പറയുന്നു. ഇവരിൽ പലരും മാനസിക പ്രശ്നങ്ങൾ നേരിടുന്നവരോ, പ്രായമായവരോ ആയതിനാൽ കുടുംബക്കാർക്ക് അവരെ വേണ്ട എന്ന മനസ്ഥിതിയാണ് ഉള്ളതെന്നും സിസ്റ്റർ ലൂസി വിശദീകരിച്ചു. വിവിധ മതങ്ങളിൽപെട്ടവർ ഇവിടെയുണ്ട്. മതം നോക്കിയല്ല തെരുവിൽനിന്നും താൻ സ്ത്രീകളുടെ സുരക്ഷിത ദൌത്യം ഏറ്റെടുക്കുന്നതെന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു.

ആരോഗ്യ പരിചരണം, സ്വയംതൊഴിൽ പരിശീലനം തുടങ്ങിയവ സംഘടന നൽകുന്നുണ്ട്. 2016-ല്‍ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ 'നാരി ശക്തി പുരസ്‌കാരം' സിസ്റ്റര്‍ ലൂസി കുര്യനായിരിന്നു. നീർജ ഭാനോട് അവാർഡ്, ജിജാഭായ് അച്ചീവേഴ്സ് അവാർഡ്, ശ്രീ സത്യ സായി അവാർഡ് ഫോർ ഹ്യൂമൺ എക്സലൻസ് - 'യൂണിറ്റി ഓഫ് റിലീജിയൺസ്', വനിത വുമൺ ഓഫ് ദ ഇയർ, ലീഡർഷിപ്പ് അവാർഡ് തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങളും സിസ്റ്റര്‍ ലൂസിയെ തേടിയെത്തി.

More Archives >>

Page 1 of 20