News - 2024

നിക്കരാഗ്വയിൽ കത്തീഡ്രൽ ദേവാലയത്തിനും വൈദികനും നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 20-11-2019 - Wednesday

മനാഗ്വേ: വടക്കേ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വേയിലെ കത്തീഡ്രൽ ദേവാലയത്തിൽ അതിക്രമിച്ചു കയറി സർക്കാർ അനുകൂല പ്രക്ഷോഭകാരികളുടെ ആക്രമണം. പ്രക്ഷോഭകാരികളുടെ അതിക്രമം തടുക്കാൻ ശ്രമിച്ച വൈദികനെയും സന്യാസിനിയെയും അക്രമികള്‍ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ജയിലിൽ കഴിയുന്ന മക്കൾക്കുവേണ്ടി ഏഴോളം അമ്മമാർ നയിക്കുന്ന ഉപവാസസമരം തടസ്സപ്പെടുത്താനായാണ് പ്രക്ഷോഭകാരികളെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദേവാലയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മനാഗ്വേ അതിരൂപത തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ചില സംഘങ്ങൾ ദേവാലയത്തിൽ അതിക്രമിച്ചു കയറുകയും, കത്തീഡ്രലിന്റെ അധികാരം കൈയാളുവാനും ശ്രമിക്കുകയായിരിന്നുവെന്ന് അതിരൂപത പിന്നീട് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രക്ഷോഭകാരികളെ തടയാൻ ശ്രമിച്ച ഫാ. റുഡോൾഫോ ലോപ്പസിനെയും, സിസ്റ്റർ അരിലീസ് ഗുസ്മാനെയും പത്രക്കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് നിക്കരാഗ്വയുടെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേകയോടും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലയോടും അതിരൂപത ആവശ്യപ്പെട്ടു. തങ്ങളുടെ ദേവാലയങ്ങളിൽ പരിശോധന നടത്തുകയും, വൈദികരെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോലീസിനെ പിൻവലിക്കാൻ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.


Related Articles »