Life In Christ - 2025

‘പരിശുദ്ധ മറിയം ജീവിത പാതയില്‍ വഴിവിളക്കാകട്ടെ’: അമലോത്ഭവ തിരുനാളില്‍ ഫിലിപ്പീന്‍സ് പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ 09-12-2019 - Monday

മനില: ഐക്യത്തോടെ പ്രവര്‍ത്തിക്കുവാനും പുരോഗമന രാഷ്ട്രം കെട്ടിപ്പടുക്കുവാനുള്ള ആഹ്വാനത്തോടെ ഫിലിപ്പീന്‍സ് ജനതക്കൊപ്പം മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. പരിശുദ്ധ കന്യകാ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഫിലിപ്പീന്‍സ് ജനതയോടൊപ്പം താനും പങ്കുചേരുന്നുവെന്നും ഭക്തിയുടേയും നന്മയുടേയും ഉത്തമ മാതൃകയായി ലോകമെങ്ങുമുള്ള കത്തോലിക്കര്‍ ആദരിച്ചുവരുന്ന പരിശുദ്ധ കന്യകാമാതാവ് കത്തോലിക്കാ വിശ്വാസികളായ നമ്മുടെ ആത്മീയതയെ പരിപോഷിപ്പിക്കട്ടേയെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തിന്റെ നിസ്വാര്‍ത്ഥ സേവനവും, കുടുംബത്തോടുള്ള ഭക്തിയും, സര്‍വ്വശക്തനായ ദൈവത്തിലുള്ള അവളുടെ പരിപൂര്‍ണ്ണമായ വിശ്വാസവും നമ്മുടെ കഷ്ടതയേറിയ ജീവിത വഴിയില്‍ വഴിവിളക്കാകട്ടെ. ഓരോ പൗരനിലും സമാധാനവും, ഉത്തമ ബോധ്യവും വളര്‍ത്തുവാന്‍ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ പ്രചോദനമാകട്ടേയെന്നും ആശംസിച്ചുകൊണ്ടാണ് ഡ്യൂട്ടെര്‍ട്ടെ തന്റെ അമലോത്ഭവ തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്. 2017-ല്‍ റിപ്പബ്ലിക് ആക്റ്റ് നമ്പര്‍ 10966 ഒപ്പുവെച്ചുകൊണ്ട് പ്രസിഡന്‍റ് ഡ്യൂട്ടെര്‍ട്ടെ, മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ഫിലിപ്പീന്‍സില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിരിന്നു.

പരിശുദ്ധ കന്യാമറിയം ജന്മപാപമില്ലാതെയാണ് പിറന്നത് എന്ന വിശ്വാസമാണ് മറിയത്തിന്റെ അമലോത്ഭവം. 1854-ല്‍ വാഴ്ത്തപ്പെട്ട ഒന്‍പതാം പിയൂസ് പാപ്പയാണ് മാതാവിന്റെ അമലോത്ഭത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ഉത്ഭവപാപക്കറകളില്‍ നിന്നും വിമുക്തയാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച കത്തോലിക്കാ സഭാ പ്രബോധനം പറയുന്നത്.


Related Articles »