Life In Christ - 2025
യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു: തുറന്ന് പറഞ്ഞ് പാപ്പ
സ്വന്തം ലേഖകന്‍ 12-12-2019 - Thursday
വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യക്ക് പുറമേ ക്രൈസ്തവ വിശ്വാസത്തിന്റെ ജീവനാഡിയായ യൂറോപ്പിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ചകളില്‍ പതിവുള്ള പൊതു അഭിസംബോധനയുടെ തുടര്‍ച്ചയായി ഇന്നലെ തന്നെ ശ്രവിക്കുവാന്‍ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഇന്ന്‍ ലോകമെങ്ങും, യൂറോപ്പിലും നിരവധി ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും, വിശ്വാസത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച് കൊണ്ടിരിക്കുകയുമാണെന്നായിരിന്നു പാപ്പയുടെ പരാമര്‍ശം.
രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിക്കുക കര്‍ത്താവില്‍ നിന്നുള്ള അനുഗ്രഹമാണെന്നും, സഹനം, അടിച്ചമര്‍ത്തല്‍, രക്തസാക്ഷിത്വം എന്നിവ കര്‍ത്താവിന്റെ കാലടികള്‍ പിന്തുടരുന്നു എന്നതിന്റെ അടയാളങ്ങളാണെന്നും വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ സാക്ഷ്യങ്ങള്‍ സഹനങ്ങളാല്‍ മുദ്രിതമായിരുന്നുവെന്ന്‍ പാപ്പ ചൂണ്ടിക്കാട്ടി.
യേശുവിനു വേണ്ടിയാണെങ്കില്‍ പോലും ജെറുസലേമില്‍ എത്തിയപ്പോള്‍, താന്‍ ഒരു മതപീഡകനാണെന്നും വിശ്വസിക്കുവാന്‍ കൊള്ളാത്തവനാണെന്നുമുള്ള ജനങ്ങളുടെ ആരോപണങ്ങള്‍ പൗലോസ് ശ്ലീഹാക്ക് കേള്‍ക്കേണ്ടി വന്നു. അദ്ദേഹത്തെ ജനങ്ങള്‍ ദേവാലയത്തില്‍ നിന്നും പുറത്താക്കുകയും, ദേവാലയ നിയമങ്ങള്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ പിന്നീടു അറസ്റ്റ് ചെയ്യുകയുമുണ്ടായി. തീക്ഷ്ണതയുള്ള ഒരു സുവിശേഷകന്‍ മാത്രമായിരുന്നില്ല വിശുദ്ധ പൗലോസ്, ഉത്ഥിതനായ ക്രിസ്തുവിനായി സഹനങ്ങളാല്‍ സാക്ഷ്യം വഹിച്ച ഒരാളായിരുന്നു.
കഷ്ടതകളോ, സങ്കടങ്ങളോ, പീഡനമോ നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും വേര്‍പ്പെടുത്താതിരിക്കുവാന്‍ ശ്രമിക്കുവാന്‍ അനുവദിക്കരുതെന്നും എല്ലാ കഷ്ടതകള്‍ക്കും മേലെ നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും, ക്രിസ്തുവിനായി ശക്തമായി നിലകൊള്ളുവാനും ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് പാപ്പ തന്റെ അഭിസംബോധന അവസാനിപ്പിച്ചത്. പാപ്പയുടെ സന്ദേശം കേള്‍ക്കാന്‍ എണ്ണായിരത്തോളം വിശ്വാസികളാണ് പോള്‍ ആറാമന്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്.