Life In Christ - 2025
തമിഴ്‌നാട്ടില്‍ നിന്നുള്ള കപ്പൂച്ചിൻ വൈദികൻ ദൈവദാസ പദവിയിൽ
സ്വന്തം ലേഖകന്‍ 09-12-2019 - Monday
ചെന്നൈ: തമിഴ്നാട്ടിലെ ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി കപ്പൂച്ചിൻ സന്യാസ വൈദികനെ ദൈവദാസൻ പദവിയിലേക്കുയർത്തി. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് ഫാ. ജോൺ പീറ്റർ സവാരിനായഗം എന്ന വൈദികനെ ദൈവദാസ പദവിയിലേക്കുയർത്തിയത്. വിശുദ്ധിയുടെ മാതൃകയായി പാവങ്ങൾക്കായി മാറ്റിവെച്ച ജീവിതവും സെമിനാരി വിദ്യാർത്ഥികളുടെ ആത്മീയ രൂപീകരണത്തിൽ വഹിച്ച പങ്കും എളിമയില്‍ കേന്ദ്രീകരിച്ച ജീവിത മാതൃകയുമാണ് മുപ്പത്തിയെട്ടുകാരനായ ഫാ. ജോൺ പീറ്ററിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുവാൻ കാരണമായത്. ദൈവദാസൻ പദവിയിലേക്കുയർത്തിയ ചടങ്ങിൽ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യായിരത്തോളം വിശ്വാസികളാണ് തിരുച്ചിറപ്പള്ളിയിലെ അമലാശ്രമത്തില്‍ എത്തിയത്.
1941-ൽ തഞ്ചാവൂർ തിരുപ്പന്തുരുത്തിയിൽ ജനിച്ച പീറ്റർ ജോൺ 1959 ൽ കപ്പുച്ചിൻ സഭാംഗമായി. 1969-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. അമലാശ്രമം മൈനർ സെമിനാരിയിൽ പഠിപ്പിച്ച അദ്ദേഹം അധികം വൈകാതെ 1974-ൽ തീയോളജിയിൽ ഉപരിപഠനത്തിനായി റോമിലേക്ക് പോയി. ആവിലായിലെ അമ്മ ത്രേസ്യയുടെയും കുരിശിന്റെ വിശുദ്ധ യോഹന്നാനിന്റെയും ആത്മീയത അദ്ദേഹത്തെ സ്വാധീനിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം, മൈനർ സെമിനാരി ഡയറക്ടറായും തിരുച്ചിറപ്പള്ളി സിസ്റ്റേഴ്സ് ഓഫ് സെന്റ് ആൻ, ഹോളിക്രോസ് സന്യാസസഭകളുടെ ആത്മീയ ഉപദേഷ്ടവായും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതവും പാവങ്ങളെ സഹായിക്കുന്ന മനഃസ്ഥിതിയും രാത്രികൾ ദിവ്യകാരുണ്യത്തിനു മുൻപിൽ ചിലവഴിക്കുന്ന രീതിയും അനേകരെ സ്വാധീനിച്ചിരിന്നു. 1979 മെയ് 2-ന് അദ്ദേഹം ആമാശയ കാന്‍സറിനെ തുടര്‍ന്നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
തീക്ഷ്ണമതിയായ ഒരു യുവാവിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്ന് നാമകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഫാ. എ. തൈനിസ് ആരോഗ്യസാമി പറഞ്ഞു. വേദനകൾക്ക് നടുവിലും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി സ്നേഹപൂർവ്വം പ്രാർത്ഥിക്കുകയും പുഞ്ചിരിയോടെ മറ്റുള്ളവരെ സ്വീകരിച്ചിരുന്ന മുഖവുമാണ് ഫാ. ജോൺ പീറ്ററിന്‍റേതെന്ന് വിശ്വാസികള്‍ സ്മരിക്കുന്നു. അമലാശ്രമം കപ്പൂച്ചിൻ മിഷ്ണറി കോൺവെന്റിൽ സ്ഥിതി ചെയുന്ന അദ്ദേഹത്തിന്റെ കല്ലറയിൽ ഓരോ വർഷവും നിരവധി തീർത്ഥാടകരാണ് മധ്യസ്ഥ പ്രാർത്ഥന സഹായവുമായി എത്തിച്ചേരുന്നത്.