News - 2025
പ്രക്ഷോഭകര്‍ക്ക് പിന്തുണ: ക്രിസ്തുമസ് ആഘോഷം ലഘൂകരിക്കാന്‍ ഇറാഖില്‍ ആഹ്വാനം
സ്വന്തം ലേഖകന്‍ 13-12-2019 - Friday
ബാഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇക്കൊല്ലത്തെ ക്രിസ്തുമസ് വലിയ ആഘോഷങ്ങളൊന്നുമില്ലാതെ നിശബ്ദമായി ആഘോഷിക്കുവാന്‍ ഇറാഖിലെ കല്‍ദായ കത്തോലിക്കാ സഭാ തലവന്‍ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. നിരവധി ആളുകള്‍ മരിച്ചുവീഴുമ്പോള്‍ ആഘോഷിക്കുന്നത് നല്ലതല്ലെന്നും, അശാന്തിയുടേതായ ഈ അന്തരീക്ഷത്തില്‍ ധാര്‍മ്മികമായും, ആത്മീയമായും ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയില്ലെന്നും അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മാത്രമായിരിക്കും ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷം. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കും, തെരുവുകള്‍ അലങ്കരിക്കുവാനുമായി മുന്‍പ് വകയിരുത്തിയ പണം പ്രക്ഷോഭത്തിനിടയില്‍ മുറിവേറ്റവരെ സഹായിക്കുവാന്‍ ഉപയോഗിക്കും. സുസ്ഥിരതയും, നീതിയും തുല്ല്യ പൗരത്വവും മാത്രമാണ് പ്രക്ഷോഭകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതു തന്നെയാണ് നമ്മുടേയും ആവശ്യം. ഞങ്ങള്‍ ഒരുപാട് സഹിച്ചു. പഴയ ഭരണകൂടം താഴെയിറങ്ങിയത് മുതല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകലിനു ഇരയാകുകയും ചെയ്തു. നിരവധി ക്രിസ്ത്യാനികളുടെ വീടും സ്വത്തും സര്‍ക്കാര്‍ ജിഹാദി പോരാളികള്‍ പിടിച്ചടക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ഒക്ടോബര്‍ 1 മുതല്‍ ഏതാണ്ട് നാന്നൂറോളം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷവും ഇറാഖിലെ ക്രിസ്ത്യാനികളുടെ കാര്യം കഷ്ടത്തിലാണെന്നും, വൈദ്യസഹായം ഉള്‍പ്പെടെ എല്ലാതരത്തിലുള്ള സഹായവും ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ആവശ്യമാണെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ആഴ്ച കര്‍ദ്ദിനാള്‍ സാക്കോ ഒരു കത്ത് പുറത്തുവിട്ടിരുന്നു. അതേസമയം കര്‍ദ്ദിനാള്‍ സാക്കോയുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇത്തവണ ബാഗ്ദാദില്‍ ഉയര്‍ത്തിയ ക്രിസ്തുമസ് ട്രീ പരമ്പരാഗത ക്രിസ്തുമസ്സ് തോരണങ്ങള്‍ക്ക് പകരം പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
![](/images/close.png)