News - 2024
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷം മെയ് മാസത്തില്‍
സ്വന്തം ലേഖകന്‍ 21-12-2019 - Saturday
വത്തിക്കാൻ സിറ്റി: തിരുസഭയെ മൂന്ന് പതിറ്റാണ്ടോളം വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് വത്തിക്കാനും ഒരുങ്ങുന്നു. 2020 മേയ് 17നാണ് തിരുസഭയുടെ ഔദ്യോഗിക ആഘോഷം വത്തിക്കാനിൽ നടക്കുക. പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർദ്ദിനാൾമാരും ആർച്ച്ബിഷപ്പുമാരും ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കുന്ന ദിവ്യബലിയിൽ പങ്കുചേരും. ജന്മംകൊണ്ട് പോളിഷുകാരനാണെങ്കിലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ ലോകത്തിന്റെ മുഴുവൻ പാപ്പയായിരുന്നുവെന്നും അതുകൊണ്ടുതന്നെ ശതാബ്ദി ആഘോഷങ്ങൾക്കായി വത്തിക്കാനിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്നും ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് പറഞ്ഞു.
1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. ആഗോള സഭയുടെ തലവനായതിന് ശേഷം ഇറ്റലിയിലും ലോകം മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ടും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്.
2005 ഏപ്രില്‍ 2നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട് വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. 2011 മെയ് 1നു ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
വിശുദ്ധന്റെ ജീവചരിത്രത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം