India - 2024

'ഇമ്മാനുവേല്‍- മനുഷ്യവംശത്തിന് നല്‍കപ്പെട്ട ദൈവത്തിന്റെ അതുല്യവും ശ്രേഷ്ഠവും മഹത്തരവുമായ സമ്മാനം'

സ്വന്തം ലേഖകന്‍ 24-12-2019 - Tuesday

ഇരിങ്ങാലക്കുട: ലോകമൈത്രിയുടെ, മാനവസ്‌നേഹത്തിന്റെ, വിശ്വസാഹോദര്യത്തിന്റെ ശീലുകള്‍ തന്നെയാണ് ഓരോ ക്രിസ്തുമസും പങ്കുവയ്ക്കുന്നതെന്നും ഇമ്മാനുവേല്‍ മനുഷ്യവംശത്തിന് നല്‍കപ്പെട്ട ദൈവത്തിന്റെ അതുല്യവും ശ്രേഷ്ഠവും മഹത്തരവുമായ സമ്മാനമാണെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാർ പോളി കണ്ണൂക്കാടന്‍. വിശ്വൈക ശില്പിയുടെ ആര്‍ദ്രമായ ഹൃദയം വചനമായി, ജീവനായി, കാരുണ്യമായി പിറവികൊണ്ടതിന്റെ ഓര്‍മ്മയാണ് ക്രിസ്തുമസെന്നും പിറവി തിരുനാളിന് മുന്നോടിയായി നല്കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ ആകുലതകളിലേക്ക്, വിഹ്വലതകളിലേക്ക്, നോവോര്‍മകളിലേക്ക് പ്രതീക്ഷയുടെ തിരിവെട്ടവുമായി രക്ഷകന്‍ കടന്നുവന്നു. സ്വന്തം ഇടങ്ങളുടെ കൈയേറ്റം ഒരു ദുഃസ്വപ്‌നമായി മനുഷ്യനെ ഇന്ന് ഞെട്ടിയുണര്‍ത്തുന്നുണ്ട്. ഭീതിയുടെ, അശാന്തിയുടെ, ക്ഷോഭത്തിന്റെ കഠിനമായ പ്രതിസന്ധിയിലാണ് നാം എന്ന തിരിച്ചറിവ് ആഴങ്ങളില്‍ വ്യാകുലങ്ങളുടെ തിര തീര്‍ക്കുന്നുണ്ട്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍, ആസുരതയുടെ കോലങ്ങള്‍ ചുറ്റിലും അഴിഞ്ഞാടുമ്പോള്‍, ചരിത്രവും സംസ്‌കാരവും തമസ്‌കരിക്കപ്പെടുമ്പോള്‍ രക്ഷകന്റെ ജനനത്തിന് പ്രസക്തിയേറുന്നു.

ദൈവീക മുഖം അനാവൃതമാക്കപ്പെടുന്നത് അപരനിലാണ് എന്ന തിരിച്ചറിവിന്റെ ഉത്സവമാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ്. ഹൃദയം നുറുങ്ങിയവര്‍ക്കും വിളുമ്പുകളിലേക്ക് തഴയപ്പെട്ടവര്‍ക്കും അനാഥമാക്കപ്പെട്ട ജന്മങ്ങള്‍ക്കും അതിജീവനത്തിന്റെ പുല്‍ക്കൂട് ഒരുക്കാന്‍ നമ്മുടെ ഹൃദയനിലങ്ങള്‍ ഒരുക്കപ്പെടുമ്പോള്‍, അപരന്റെ വ്യാകുലങ്ങളുടെ വിഷാദരാഗങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ നാം പാതയോരങ്ങളില്‍ ഒരുമാത്ര നില്‍ക്കുമ്പോള്‍, സ്‌നേഹശൂന്യതയുടെ ഇരുള്‍വീണ താഴ്‌വാരങ്ങളിലേക്ക് കാരുണ്യത്തിന്റെ തീര്‍ത്ഥജലവുമായി നാം സഞ്ചരിക്കുമ്പോള്‍ ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണമായി മാറുമെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.


Related Articles »