India - 2024

'പുല്‍ക്കൂട്ടിലെ യേശു ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്തും പ്രദാനം ചെയ്യുന്നു'

സ്വന്തം ലേഖകന്‍ 24-12-2019 - Tuesday

ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവനോടു കൂടെയും നിലകൊള്ളുന്ന പുല്‍ക്കൂട്ടിലെ യേശു നമുക്ക് ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്ത് തരുകയും ചെയ്യുന്നുവെന്ന്‍ തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ടോണി നീലങ്കാവില്‍. മാനവ വിവേചനത്തിന്റെ രാജ്യതന്ത്രം എങ്ങിനെ വെറുപ്പിന്റെയും ശത്രുതയുടെയും സാമൂഹിക – രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് സമകാലീന ഭാരതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ജനാധിപത്യം ഭൂരിപക്ഷ സ്വേഛാധിപത്യമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് തിരസ്‌കൃതരായ മനുഷ്യരില്‍ അവതീര്‍ണ്ണനായ യേശുക്രിസ്തു നമുക്ക് പ്രത്യാശ നല്‍കുന്നുണ്ട്.

ജാതികളും ജനതകളുമായി വേര്‍തിരിയുന്നതിനും മുമ്പേ, മനുഷ്യര്‍ ദൈവത്തിന്റെ തന്നെ ജീവനുള്ളവരാണ് എന്നതാണ് സൃഷ്ടിയിലെ ദൈവികപദ്ധതി. മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് ഊതിക്കൊണ്ട് മനുഷ്യനെ സൃഷ്ടിക്കുന്ന ദൈവത്തെയാണ് ബൈബിളിലെ ആദ്യപുസ്തകം കാവ്യാത്മകമായി അവതരിപ്പിക്കുന്നത്. ‘ഊതുക’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അര്‍ത്ഥം ‘ആത്മാവിനെ നല്‍കുക’ എന്നതാണ്. ദൈവം തന്റെ ആത്മാവിനെ – തന്റെ ജീവനെ തന്നെ – സന്നിവേശിപ്പിച്ചതാണ് മനുഷ്യന്‍.

എല്ലാ മനുഷ്യരെയും ദൈവാംശത്തില്‍ തുല്യരായിക്കണ്ട, പറുദീസായിലെ പരസ്പരം പഴിചാരലില്‍ ആരംഭിച്ച് സഹോദരനെ കൊല ചെയ്യുന്ന കായേനും, ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവിന്റെ ബാബേല്‍ ഗോപുരവും കടന്ന് മൗലികവാദത്തിന്റെ അന്ധത ബാധിച്ച് അപരന്റെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഭീഷണായ സമൂഹിക ക്രമത്തിന്റെ വക്കിലാണ് നാമിന്ന്. അവിടെ ഈ ലോകത്തിലെ ഏറ്റവും അവഗണിക്കപ്പെട്ടവനോടു കൂടെയും നിലകൊള്ളുന്ന പുല്‍ക്കൂട്ടിലെ യേശു നമുക്ക് ആശ്വാസമേകുക മാത്രമല്ല, ഭീഷണികളെ നേരിടാനുള്ള ദൈവിക കരുത്ത് തരുകയും ചെയ്യുന്നു. ‘യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ, ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നാകുന്ന’ (ഗലാ. 3:28) ഒരു ക്രിസ്തുമസ്‌ കാലം നമുക്ക് സൃഷ്ടിച്ചെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »