Life In Christ - 2025

ക്രിസ്തുമസിന്റെ പ്രാഥമിക സ്ഥാനം യേശുവിന്റെ ജനന സ്മരണയ്ക്കാണെന്ന് ഓര്‍മ്മിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 25-12-2019 - Wednesday

ലണ്ടന്‍: ക്രിസ്തുമസ് ദിനത്തിൽ മറ്റെന്തിനെക്കാളും പ്രാധാന്യം നൽകേണ്ടത് യേശുക്രിസ്തുവിന്റെ ജനന സ്മരണയ്ക്കാണെന്ന് ഓര്‍മ്മിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. ക്രിസ്തുമസ് ദിനം, മറ്റെന്തിനെക്കാളും ഒന്നാമതായി യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ആഘോഷമാണെന്ന് ബ്രിട്ടനിലെ ജനങ്ങൾക്കായി നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ആഗോള ക്രൈസ്തവർക്ക് വിലമതിക്കാനാവാത്ത ദിനമാണ് ക്രിസ്തുമസെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമേൽക്കുന്ന ക്രൈസ്തവരെ ഈ ദിവസങ്ങളിൽ ഓർക്കണമെന്നും അദ്ദേഹം ബ്രിട്ടീഷ് ജനതയോട് ആഹ്വാനം ചെയ്തു.

പീഡിത ക്രൈസ്തവ സമൂഹം ഒരുപക്ഷേ അവരുടെ ക്രിസ്തുമസ് രഹസ്യമായിട്ടോ, ജയിൽ അറകളിലോ ആയിരിക്കാം ആഘോഷിക്കുന്നത്. നിങ്ങൾ ആരാണെങ്കിലും, നിങ്ങൾ എവിടെയാണെങ്കിലും, നിങ്ങൾ എങ്ങനെയാണ് ആഘോഷിക്കുന്നതെങ്കിലും നിങ്ങൾക്ക് ആനന്ദകരമായ ഒരു ക്രിസ്തുമസ് ഉണ്ടാകട്ടെ എന്ന് ആശംസിച്ചാണ് ബോറിസ് ജോൺസൺ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഡിസംബർ പന്ത്രണ്ടാം തീയതി ബ്രിട്ടനിൽ നടന്ന ഇലക്ഷനിൽ 365 സീറ്റുകൾ നേടിയാണ് ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തിയത്.


Related Articles »