News - 2024
ക്രിസ്തുമസ് ദിനത്തില്‍ തെക്കന്‍ സുഡാനോട് ക്രൈസ്തവ നേതൃത്വത്തിന്റെ സമാധാന അഭ്യര്‍ത്ഥന
സ്വന്തം ലേഖകന്‍ 28-12-2019 - Saturday
വത്തിക്കാന്‍ സിറ്റി: അഭിപ്രായ ഭിന്നത തുടരുന്ന തെക്കന്‍ സുഡാന്‍ നേതാക്കളോട് ക്രിസ്തുമസ് ദിനത്തില്‍ സമാധാന ആഹ്വാനവുമായി ക്രൈസ്തവ സഭകളുടെ നേതൃത്വം. ക്രിസ്തുമസ് ദിനത്തില്‍ രാവിലെ ആംഗ്ലിക്കന്‍ സഭാതലവന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, പ്രസ്ബിറ്റേറിയന്‍ സഭയുടെ മോഡറേറ്റര്‍ ജോണ്‍ കാല്‍മേഴ്സ് എന്നിവരോടു ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ സമാധാനത്തിനുള്ള സംയുക്ത അഭ്യര്‍ത്ഥന നടത്തിയത്. തെക്കന്‍ സുഡാന്‍ സമാധാന കരാറുകള്‍ ഒരുക്കുന്ന ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും പവിത്രമായ കാലത്ത് ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും കൈവരിക്കുവാന്‍ പോരുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കട്ടെയെന്ന് സന്ദേശത്തില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.
സമാധാന ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ അടിയന്തിര ഘട്ടത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനാ സാന്നിധ്യം തെക്കന്‍ സുഡാനിലെ താല്ക്കാലിക ഭരണ നേതൃത്വത്തിനും ജനങ്ങള്‍ക്കും നേരുന്നതായി നേതാക്കള്‍ സന്ദേശത്തിലൂടെ അറിയിച്ചു. അനുരഞ്ജനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാതയില്‍ പുതിയ അര്‍പ്പണത്തോടെ മുന്നേറാന്‍ തെക്കന്‍ സുഡാനിലെ ജനതയെ രക്ഷകനായ ക്രിസ്തു തുണയ്ക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും ജനങ്ങളില്‍ ഓരോരുത്തരിലും, രാഷ്ട്രത്തില്‍ ആകമാനവും ദൈവാനുഗ്രഹം വളരട്ടെയെന്നും ആശംസിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.
സമാധാന രാജാവായ യേശു നന്മയുടെയും സത്യത്തിന്‍റെയും പാതയില്‍ നയിക്കട്ടെയെന്ന ആശംസയോടെയാണ് മൂന്നു ആത്മീയ നേതാക്കളുടെയും സന്ദേശം അവസാനിക്കുന്നത്. 2011-ല്‍ സ്വാതന്ത്ര്യം നേടിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ തെക്കാന്‍ സുഡാന്‍ ഇന്നു കലാപങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ്. ക്രിസ്തുമസ് ദിനത്തില്‍പ്പോലും വിമതരും മിലിട്ടറി പിന്‍തുണയോടെയുള്ള താല്ക്കാലിക ഭരണകൂടവും തമ്മില്‍ സംഘട്ടനം നടന്നിരിന്നു. ഇത്തരത്തിലുള്ള പശ്ചാത്തലത്തിലാണ് സമാധാനത്തിനുള്ള സംയുക്ത അഭ്യര്‍ത്ഥന താല്ക്കാലിക ഭരണകൂടത്തിന് മുന്നില്‍ മാര്‍പാപ്പ അടിയന്തരമായി മുന്നോട്ടുവച്ചിരിക്കുന്നത്.