News - 2024
നോട്രഡാം ദേവാലയത്തില്‍ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷമില്ല: 200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം
സ്വന്തം ലേഖകന്‍ 24-12-2019 - Tuesday
പാരീസ്: ആയിരകണക്കിന് വിശ്വാസികള്‍ ക്രിസ്തുമസു ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ ഇരുനൂറു വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ക്രിസ്തുമസ് ശുശ്രൂഷകള്‍ ഉണ്ടാകില്ല. ഇത്തവണ ക്രിസ്തുമസ് കുര്‍ബാന ഉണ്ടായിരിക്കുകയില്ലായെന്ന് ദേവാലയ നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് അഗ്നിബാധയ്ക്കിരയായതിനെ തുടര്‍ന്നാണ് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ പുരാതന ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷം റദ്ദാക്കിയിരിക്കുന്നത്. 1803-മുതല്‍ ഇതാദ്യമായാണ് നോട്രഡാം കത്തീഡ്രലില്‍ ക്രിസ്തുമസ് കുര്‍ബാന ഇല്ലാതിരിക്കുന്നതെന്ന് ഔദ്യോഗിക വക്താവ് ആന്‍ഡ്രെ ഫിനോട്ട് അമേരിക്കന്‍ ന്യൂസ് ചാനലായ സിഎന്‍എന്നിനോട് വെളിപ്പെടുത്തി.
റെക്ടര്‍ ഫാ. പാട്രിക് ചോവെറ്റിന്റെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാന ഉണ്ടായിരിക്കുമെങ്കിലും സമീപത്തുള്ള സെയിന്റ് ജെര്‍മൈന്‍ എല്‍.ഒക്സെറോയിസ് ദേവാലയത്തില്‍ വെച്ചായിരിക്കും അര്‍പ്പിക്കുക. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുടെ അധിനിവേശമുള്‍പ്പെടെയുള്ള 200 വര്‍ഷത്തെ പ്രക്ഷുബ്ധമായ കാലയളവില്‍ പോലും ഈ ദേവാലയത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്ക് മുന്നില്‍ അടഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 15-നാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധക്കിരയായത്. അഗ്നിബാധയുണ്ടാകുവാനുള്ള കാരണത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വോഷണം നടന്നുവരികയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവാലയം പുനര്‍നിര്‍മ്മിക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനം.