News - 2024

ആഘോഷങ്ങളില്ലാതെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ ശ്രീലങ്കയിലെ ക്രിസ്തുമസ്

സ്വന്തം ലേഖകന്‍ 26-12-2019 - Thursday

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഉണ്ടായ ചാവേറാക്രമണത്തിന്റെ വേദനയില്‍ രാജ്യത്തു ഇത്തവണ ക്രിസ്തുമസ് ആഘോഷം നടന്നത് ലളിതമായി. പ്രധാന ദേവാലയങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്. കരിമരുന്ന് പ്രയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഒഴിവാക്കണമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പും ശ്രീലങ്ക കത്തോലിക്ക സഭയുടെ തലവനുമായ കർദ്ദിനാൾ മാൽകോം രഞ്ജിത്ത് വിശ്വാസികളോട് നിർദേശിച്ചിരുന്നു. തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുവാനും അദ്ദേഹം ആഹ്വാനം നല്‍കി.

ദേവാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ നമുക്ക് ഒരുമിച്ച് നീങ്ങാമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പരിക്കേറ്റവരും രക്ഷപ്പെട്ടവരും കൊളംബോയിലെ സെന്‍റ് ആന്‍റണി ദേവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു. ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തിൽ 268 പേരാണ് കൊല്ലപ്പെട്ടത്.

More Archives >>

Page 1 of 513