News

ബാധയല്ല പ്രലോഭനമാണ് സാത്താന്റെ ഏറ്റവും വലിയ ഭീഷണി: പ്രമുഖ ഭൂതോച്ചാടകന്‍റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 28-12-2019 - Saturday

വത്തിക്കാന്‍ സിറ്റി: പിശാച് ബാധയല്ല, മറിച്ച് പാപത്തിനുള്ള പ്രലോഭനമാണ് ഒരു വ്യക്തിയുടെ മോക്ഷത്തിനുള്ള സാത്താന്റെ ഏറ്റവും വലിയ ഭീഷണിയെന്ന്‍ ഡൊമിനിക്കന്‍ വൈദികനും പ്രമുഖ ഭൂതോച്ചാടകനുമായ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍ ഒ.പി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭൂതോച്ചാടക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫാ. ഡെര്‍മൈന്‍ പ്രലോഭനമാണ്‌ പൈശാചികതയുടെ ഏറ്റവും സാധാരണയായ പ്രകടനമെന്ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രലോഭനത്തെ കുറച്ചുകാണരുതെന്നും, പിശാച് ബാധയേപ്പോലെ നാടകീയമല്ലെങ്കിലും പ്രലോഭനമാണ് ഏറ്റവും വലിയ അപകടകാരിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രലോഭനത്തിനുള്ള അവസരങ്ങള്‍ ഒഴിവാക്കുകയാണ് അതിനെ ചെറുക്കുന്നതിനുള്ള പരിഹാരമായി അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇതിന് ക്രിസ്തീയതയിലൂന്നിയ ആത്മീയ ജീവിതത്തിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഉപദ്രവങ്ങള്‍' ആണ് സാത്താന്റെ അടുത്ത ഭീഷണിയായി ഫാ. ഡെര്‍മൈന്‍ ചൂണ്ടിക്കാട്ടുന്നത്. ചില സമയങ്ങളില്‍ ആളുകള്‍ക്ക് സാധാരണഗതിയില്‍ വിവരിക്കുവാന്‍ കഴിയാത്ത ശാരീരികപരവും, കുടുംബപരവുമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. സാത്താന്റെ ഉപദ്രവം മൂലമുള്ള ബുദ്ധിമുട്ടുകളാണെങ്കില്‍ അവയെ 'പ്രകൃത്യാതീതമായവ' എന്ന് വിശേഷിപ്പിക്കുമെന്നും ഇതിന്റെ പരിഹാരത്തിനായി ഭൂതോച്ചാടകന്റെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രലോഭനം സാത്താന്റെ ഏറ്റവും സാധാരണ പ്രവര്‍ത്തിയാണെങ്കില്‍, ഉപദ്രവം സാത്താന്റെ അസാധാരണമായ പ്രവര്‍ത്തികളില്‍ സാധാരണയാണ്. ശാരീരികമായ ഉപദ്രവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍തന്നെ അത് സാത്താന്റെ ഉപദ്രവമാണെന്ന് ധരിക്കരുത്. പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ടും ഇത്തരം പീഡനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഫാ. ഡെര്‍മൈന്‍ വിവരിച്ചു. 1994 മുതല്‍ ഭൂതോച്ചാടന രംഗത്ത് സേവനം ചെയ്യുന്ന ഫാ. ഡെര്‍മൈന്‍ ഇറ്റാലിയന്‍ അതിരൂപതയായ അന്‍കോണ-ഒസിമോയിലാണ് നിലവില്‍ ശുശ്രൂഷ ചെയ്യുന്നത്.

More Archives >>

Page 1 of 513