News - 2024
ക്രിസ്തുമസ് നിരോധിത രാജ്യം: ബ്രൂണൈയിലെ പിറവി തിരുനാൾ ഇത്തവണയും നിശബ്ദമായി
സ്വന്തം ലേഖകന്‍ 29-12-2019 - Sunday
ഇസ്ലാമിക ശരിയത്ത് നിയമത്തിൽ അധിഷ്ഠിതമായ ഭരണഘടനയുള്ള ഏഷ്യൻ രാജ്യമായ ബ്രൂണൈയിൽ ഇത്തവണയും പരസ്യമായ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നില്ല. പരസ്യ ക്രിസ്തുമസ് ആഘോഷം രാജ്യത്തു തടവിന് വരെ കാരണമായേക്കാവുന്ന കുറ്റമാണ്. 2014 മുതലാണ് തീവ്ര ഇസ്ലാമിക രാജ്യമായ ബ്രൂണൈയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഇസ്ലാമിക വിശ്വാസികൾ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമോയെന്ന ഭയമാണ് പരസ്യമായ ക്രിസ്തുമസ് ആഘോഷങ്ങൾ നിരോധിക്കാൻ ബ്രൂണൈ സുൽത്താനായ ഹസനൽ ബോൽകിയയെ പ്രേരിപ്പിച്ചത്.
ആറു വർഷം കൊണ്ട് പടിപടിയായി ക്രിസ്തുമസ് ആഘോഷങ്ങളുടെ മേലുള്ള കടുത്ത നിയന്ത്രണം രാജ്യം പ്രാബല്യത്തിൽ വരുത്തി. അധികൃതരെ അറിയിച്ചതിനു ശേഷം രഹസ്യമായി മാത്രമേ ക്രൈസ്തവ വിശ്വാസികൾക്ക് അവരുടെ ഭവനങ്ങളിൽ തിരുപ്പിറവി ആഘോഷിക്കാൻ സാധിക്കുകയുള്ളൂ. നിയമലംഘകർക്ക് അഞ്ചു വർഷം വരെ ജയിൽ തടവ് ലഭിച്ചേക്കാം. അതുമല്ലെങ്കിൽ ഇരുപതിനായിരം യുഎസ് ഡോളർ വരെ നിയമം ലംഘിക്കുന്നവർ പിഴ തുക നൽകണമെന്ന നിർദ്ദേശവും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ശരിയത്ത് നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷ വരെ നൽകുവാൻ നിയമമുണ്ട്. മതകാര്യങ്ങൾക്ക് വേണ്ടിയുള്ള വകുപ്പ് ക്രിസ്തുമസ് നാളുകളിൽ പൊതുസ്ഥലങ്ങളിൽ അലങ്കാരങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനായി ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ബ്രൂണൈയിൽ ജോലിചെയ്യുന്ന വിദേശികൾ സാധാരണയായി ക്രിസ്തുമസ് നാളുകളിൽ രാജ്യംവിട്ട് പുറത്തേക്ക് പോകുകയാണ് പതിവ്. പിന്നീടവർ പുതു വർഷത്തിലാണ് തിരികെ വരിക.