News - 2024

സുലൈമാനിയുടെ മരണം ക്രൈസ്തവർക്ക് ഭീഷണി സൃഷ്ടിച്ചേക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ 06-01-2020 - Monday

ടെഹ്റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സിലെ മേജർ ജനറലുമായിരുന്നു ഖാസിം സുലൈമാനിയുടെ മരണം പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിൽ സുലൈമാനിയെയും കൂട്ടാളികളെയും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയത്. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് തലവൻ അബു മെഹ്ദി മുഹന്ദിസും അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇത് മതന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പാർശ്വവൽക്കരിക്കപ്പെട്ട മത സമൂഹങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു. സുലൈമാനിയും ഖുദ്സ് ഫോഴ്സും ക്രൈസ്തവരുടെ മേലും മറ്റു ന്യൂനപക്ഷങ്ങളുടെ മേലും പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളോളം അടിച്ചമർത്തലുകൾ നടത്തിയെന്നും അയാളുടെ മരണം തീവ്രവാദത്തിന്റെയും ഭരണ സുസ്ഥിരത ഇല്ലായ്മയുടെയും നാളുകൾക്ക് അന്ത്യം കുറിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും 'ഇൻ ഡിഫെൻസ് ഓഫ് ക്രിസ്ത്യൻസ്' സംഘടനയുടെ നേതൃത്വ പദവിയിലുള്ള പീറ്റർ ബേൺസ് പറഞ്ഞു. എന്നാൽ പ്രദേശം വീണ്ടും അസ്ഥിരമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇറാഖിൽ ഇനി അടുത്തതായി എന്ത് സംഭവിച്ചാലും നാളുകളായി ക്രൈസ്തവർ അവിടെ നേരിടുന്ന ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കരുതെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ കമ്മ്യൂണിക്കേഷൻസിന്റെയും, സ്ട്രാറ്റജിക് പ്ലാനിങിന്റെയും സഹ അധ്യക്ഷൻ ആൻഡ്രൂ വാൽത്തർ കാത്തലിക് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ഏതാനും നാളുകൾക്കു മുന്‍പ് വരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെ നേരിട്ട ക്രൈസ്തവരുടെ സുരക്ഷയ്ക്കും, അതിജീവനത്തിനുമാകണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമിച്ചതിന് പ്രതികാര നടപടിയായാണ് ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത്.


Related Articles »