Life In Christ - 2025

ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്

10-01-2020 - Friday

കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ (വി.സി.) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം അനുമതി നല്‍കി. ഇടവക വൈദികനായിരിക്കുമ്പോഴും സന്യാസിയായി ജീവിച്ച താപസ വര്യനാണു ഫാ. വര്‍ക്കി കാട്ടറാത്ത്. പൂഞ്ഞാര്‍ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും മകനായി 1851 ഒക്ടോബര്‍ 13 നാണു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പാലായിലും മാന്നാനത്തുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെ ഇരുപത്തിരണ്ടാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു.

ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂര്‍, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളില്‍ വൈദിക സേവനം നടത്തി. മുത്തോലി, വൈക്കം എന്നീ കര്‍മലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാസഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. പതിമൂന്നു വര്‍ഷം വൈക്കം ഇടവക വികാരി ആയിരുന്നു. 1904ല്‍ സന്യാസി ആകണമെന്ന ആഗ്രഹം എറണാകുളം മെത്രാന്‍ മാര്‍ ലൂയിസ് പഴേപറമ്പിലിനെ അറിയിച്ചു.

ആ വര്‍ഷം നവംബര്‍ 20നു മറ്റു മൂന്നു വൈദികരോടൊപ്പം വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് തോട്ടകത്ത് വിന്‍സെന്‍ഷ്യന്‍ സഭയ്ക്ക് രൂപം നല്‍കി. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ 565 വൈദികര്‍ വിവിധ സംസ്ഥാനങ്ങളിലും നേപ്പാള്‍, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, പെറു, കാനഡ, അമേരിക്ക, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ജര്‍മനി തുടങ്ങി 18 രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നു. ഇരുന്നൂറിലധികം പേര്‍ വൈദിക പഠനം നടത്തുന്നുണ്ട്.

പോപ്പുലര്‍ മിഷന്‍ ധ്യാനം, ധ്യാനകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമ പ്രവര്‍ത്തനങ്ങള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണു സഭയുടെ പ്രധാന ശുശ്രൂഷകള്‍. 1931 ഒക്ടോബര്‍ 24ന് ദിവംഗതനായ ഫാ. വര്‍ക്കി കാട്ടറാത്തിന്റെ ഭൗതികശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. വിശുദ്ധ നാമകരണത്തിനായുള്ള അതിരൂപത നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തികുന്നേല്‍ അറിയിച്ചു.

More Archives >>

Page 1 of 24