News - 2024

ഇറാനിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭാവി ചോദ്യചിഹ്നം: ആശങ്കയുമായി ആഗോള സമൂഹം

സ്വന്തം ലേഖകന്‍ 10-01-2020 - Friday

ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായി യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ശക്തമാവുന്നു. ഔദ്യോഗിക അംഗീകാരമുണ്ടെങ്കിലും അടിച്ചമര്‍ത്തല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാനി ക്രൈസ്തവരുടെ അവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തി പ്രാപിച്ചുവരികയാണ്. അമേരിക്കയോടുള്ള വിദ്വേഷം ഇറാനിലെ ക്രിസ്ത്യാനികള്‍ക്ക് വിനയായി തീരുമോ എന്ന ആശങ്കയിലാണ് ആഗോള ക്രിസ്ത്യന്‍ സമൂഹം. ജനാധിപത്യ രാജ്യമാണെന്ന്‍ അവകാശമുന്നയിക്കുന്ന ഇറാനില്‍, മതസ്വാതന്ത്ര്യം രേഖകളില്‍ അനുവദിക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തെ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവാലയങ്ങളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനും കടുത്ത നിയന്ത്രണമുണ്ടെന്നുമാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) പറയുന്നത്.

രാജ്യത്തിന്റെ ശത്രുക്കളായിട്ടാണ് അറസ്റ്റിലാവുന്ന ക്രിസ്ത്യാനികളെ പരിഗണിക്കുന്നതെന്ന ശ്രദ്ധേയമായ വസ്തുതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയാലോ, ഭവനങ്ങളില്‍ ആരാധന നടത്തിയാലോ, ക്രിസ്ത്യന്‍ സെമിനാറുകളില്‍ പങ്കെടുക്കുവാന്‍ വിദേശത്ത് പോയാലോ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരും കടുത്ത പീഡനത്തിനിരയാവുന്നുണ്ടെന്ന് പാസ്റ്റര്‍ യൌസേഫ് നാടാര്‍ഖാനിയുടെ ഉദാഹരണം സഹിതം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017-ല്‍ പതിനാറ് ക്രൈസ്തവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, 2018-ല്‍ ഏറ്റവും ചുരുങ്ങിയത് 171 ക്രിസ്ത്യാനികളെയാണ് ഇറാന്‍ ഭരണകൂടം അന്യായമായി അറസ്റ്റ് ചെയ്തത്.

ക്രൈസ്തവരുടെ കേസുകള്‍ വാദിക്കുന്ന അഭിഭാഷകര്‍ക്ക് നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാനിലെ ഭൂരിഭാഗം ജനങ്ങളും ഷിയാ വിഭാഗത്തില്‍പ്പെട്ട ഇസ്ലാം മതവിശ്വാസികളാണ്. മതന്യൂനപക്ഷമായ ക്രൈസ്തവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ്. ലത്തീന്‍, അര്‍മേനിയന്‍, അസ്സീറിയന്‍, കല്‍ദായ, പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് മൂന്നു ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഇറാനിലുണ്ടെന്നാണ് കണക്കുകള്‍. ക്രൈസ്തവര്‍ക്ക് പുറമേ ബഹായി, യഹൂദ, സൊരാഷ്ട്രിയന്‍ മതന്യൂനപക്ഷങ്ങളും, സുന്നി, സൂഫി തുടങ്ങിയ മുസ്ലീം ന്യൂനപക്ഷങ്ങളും കടുത്ത മതപീഡനത്തിനിരയാവുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.


Related Articles »