Life In Christ - 2025

ആഗോള സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ അഭിഷിക്തനായി

സ്വന്തം ലേഖകന്‍ 15-01-2020 - Wednesday

കീവ്: ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന പേരോടെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ ഫാ. സ്റ്റെപാന്‍ സുസ് മെത്രാനായി അഭിഷിക്തനായി. മെത്രാന്‍ പദവി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 38 വയസ്സു മാത്രമാണെന്നതാണ് ആഗോള സഭയില്‍ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ജനുവരി 12 ഞായറാഴ്ച കീവിലെ സ്വര്‍ഗ്ഗാരോപണ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി മെത്രാന്‍മാരും വൈദികരും വിശ്വാസികളും പങ്കെടുത്തു.

സഭയിലെ ഏത് പ്രതിസന്ധിയെയും ദൈവീക സഹായത്താല്‍ അതിജീവിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ല്വിവിവ് അതിരൂപതയിലെ പുരോഹിതനായ ഫാ. സ്റ്റെപാന്‍ സുസിനെ ക്യിവ്-ഹാലിച്ച് മേജര്‍ അതിരൂപതയിലെ കൂരിയ മെത്രാനായി തിരഞ്ഞെടുക്കുന്നതിനുള്ള അംഗീകാരം ഇക്കഴിഞ്ഞ നവംബര്‍ 15നാണ് ഫ്രാന്‍സിസ് പാപ്പ നല്‍കിയത്. 2005-ല്‍ ഡീക്കന്‍ പട്ടവും, 2006 ജൂണ്‍ 30-ന് പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ല്വിവിവ് നാഷണല്‍ ഗ്രൗണ്ട് ഫോഴ്സസ് അക്കാദമി എന്ന മിലിട്ടറി വിദ്യാഭ്യാസ സ്ഥാപനം ഉള്‍പ്പെടെ വിവിധ പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചാപ്ലൈനായി സേവനം ചെയ്തിരിന്നു.

2008-2012 കാലയളവില്‍ ല്വിവിവിലെ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ അതിരൂപതയില്‍ സൈനീക സേവനം ചെയ്യുന്നവരുടെ അജപകാലക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. 2012 മുതല്‍ സൈനീകരുടേയും, വിദ്യാര്‍ത്ഥികളുടേയും അജപാലക മേല്‍നോട്ടത്തിനു പുറമേ ഗാരിസണ്‍ ഇടവക ഉത്തരവാദിത്വവും നിര്‍വ്വഹിച്ചു വരികെയാണ് മെത്രാനായി നിയോഗിക്കപ്പെട്ടത്. 1954-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ ക്രാക്കോ അതിരൂപതയുടെ സഹായമെത്രാനായി സ്ഥാനം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിനും മുപ്പത്തിയെട്ടു വയസ്സു മാത്രമായിരിന്നു പ്രായം.

More Archives >>

Page 1 of 25