India - 2024

'ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അനുവദിച്ചു കൊടുക്കില്ല'

19-01-2020 - Sunday

തൊടുപുഴ: ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അനുവദിച്ചു കൊടുക്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ന്യൂമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഇആര്‍ പരിഷ്‌കരണത്തിലൂടെയും നിയമ നിര്‍മാണത്തിലൂടെയും സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചു നിയമനം നല്‍കിയ 3000ഓളം അധ്യാപകര്‍ക്കു നാലു വര്‍ഷമായി ശന്പളം ലഭിക്കുന്നില്ല. ഫയലുകള്‍ മേശപ്പുറത്തു സൂക്ഷിക്കുകയല്ല വേണ്ടത്. മറിച്ചു ജോലി ചെയ്യുന്നവര്‍ക്കു ശന്പളം നല്‍കുകയാണ്. അദ്ദേഹം പറഞ്ഞു.

മതമോ ജാതിയോ നോക്കാതെ ഏവരെയും സമഭാവനയോടെ കണ്ടു മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സഭ ചെയ്യുന്നതെന്നു തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണത്തില്‍പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഓരോ വര്‍ഷവും വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തി ഈ മേഖലയില്‍നിന്നു സഭയെ പുറത്താക്കാനാണു ശ്രമിക്കുന്നത്.

ഇതിനെതിരെ നിലകൊള്ളാന്‍ അധ്യാപകര്‍ക്കു കഴിയണം മാര്‍ താഴത്ത് പറഞ്ഞു. യോഗത്തില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭാവി തലമുറയെ നന്മയിലേക്കു നയിക്കാന്‍ ദൈവത്തില്‍ അടിയുറച്ച വിശ്വാസവും സഭയോടു ചേര്‍ന്നുള്ള പ്രവര്‍ത്തനവും അധ്യാപകര്‍ക്കു വേണമെന്നു മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് എംഎല്‍എ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, ഫാ.ജോസ് കരിവേലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കോതമംഗലം രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഡോ.സ്റ്റാന്‍ലി കുന്നേല്‍ സ്വാഗതവും സംഘടന സംസ്ഥാന ട്രഷറര്‍ ജോസ് ആന്റണി നന്ദിയും പറഞ്ഞു.

More Archives >>

Page 1 of 295