News
അയര്‍ലണ്ട് അപ്പസ്തോലന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: 'ഐ ആം പാട്രിക്' റിലീസിനൊരുങ്ങുന്നു
സ്വന്തം ലേഖകന്‍ 22-01-2020 - Wednesday
വിര്‍ജീനിയ ബീച്ച്: അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തിന് വെള്ളിത്തിരയിലൂടെ പുതുജീവന്‍. രാജ്യത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രം “ഐ ആം പാട്രിക്: ദി പാട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്” എന്ന സിനിമ അയര്‍ലണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 17, 18 തീയതികളിലായിരിക്കും പ്രദര്‍ശനം. ‘ലോര്‍ഡ് ഓഫ് ദി റിംഗ്സ്’ ഫിലിം പരമ്പരയിലൂടെയും ‘ദി ലിവിംഗ് ഡേലൈറ്റ്സ്’ എന്ന ജെയിംസ് ബോണ്ട് സിനിമയിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന ജോണ്‍ റൈസ്-ഡേവിസാണ് വിശുദ്ധ പാട്രിക്കിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ജാരോഡ് ആന്‍ഡേഴ്സന്‍ രചനയും സംവിധാനയും നിര്‍വഹിച്ചിരിക്കുന്ന സിനിമ ‘ഫാത്തോം ഇവന്റ്സ്’ ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഐതിഹ്യ-മിഥ്യകള്‍ക്ക് പുറമേ ചരിത്ര സത്യങ്ങളും, വിദഗ്ദരുടെ അഭിമുഖങ്ങളും, വിശുദ്ധ പാട്രിക്കിന്റെ സ്വന്തം എഴുത്തുകളും ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യനില്‍ നിന്നും വിശുദ്ധനിലേക്കുള്ള വിശുദ്ധ പാട്രിക്കിന്റെ ജൈത്ര യാത്രയേക്കുറിച്ച് സിനിമ പറയുന്നത്. സംതൃപ്തമായ ഒരു ജീവിതത്തില്‍ നിന്നും അടിമത്വത്തിലേക്കും, അവിടെ നിന്നും ഒരു രാഷ്ട്രത്തെയാകെ മാറ്റി മറിച്ച വിശ്വാസത്തിലേക്കും നമുക്കറിയാമെന്ന് നമ്മള്‍ ധരിച്ചിരിക്കുന്ന ഒരു വിശുദ്ധന്റെ യഥാര്‍ത്ഥ ജീവിത കഥയാണിതെന്നു സംവിധായകനായ ആന്‍ഡേഴ്സന്‍ വ്യക്തമാക്കി.
ബ്രിട്ടനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായി സുഖജീവിതം നയിച്ചുവന്ന പാട്രിക് എന്ന കൗമാരക്കാരനെ പതിനാറാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി അടിമയാക്കുന്നതാണ് ചിത്രത്തിന്റെ ആരംഭം. അടിമത്വത്തില്‍ പട്ടിണിയും ദുഃഖവുമായി ആടുമേയിച്ചുകൊണ്ടിരിക്കെയാണ് പാട്രിക് യേശു ക്രിസ്തുവില്‍ ആകൃഷ്ടനാകുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട് തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന പാട്രിക് ഒരു സ്വപ്നദര്‍ശനത്താല്‍ ക്രൈസ്തവ വിശ്വാസം വ്യാപിപ്പിക്കുവാന്‍ മിഷ്ണറി മെത്രാനായി വീണ്ടും അയര്‍ലണ്ടിലെത്തുന്നു. അടിമത്വത്തേയും, ഐറിഷ് രാജാവിനേയും വരെ എതിര്‍ക്കുവാന്‍ ധൈര്യം കാണിച്ച വിശുദ്ധന്‍ ആയിരങ്ങളെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഇതൊക്കെ സിനിമയില്‍ പ്രമേയമാകുന്നുണ്ടെന്നാണ് സൂചന.
വിശുദ്ധ പാട്രിക്കിനെ ചുറ്റിപ്പറ്റി നിരവധി ചരിത്ര കഥകള്‍ നിലവിലുണ്ട്. അയര്‍ലണ്ടില്‍ നിന്നും പാമ്പുകളെ തുരത്തിയതും, മൂന്നിലകളോട് കൂടിയ ഒരു തരം ചെടി ഉപയോഗിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് വിശദീകരിച്ചതും ഇതില്‍ ചിലതാണ്. സി.ബി.എന്‍ ഡോക്യുമെന്ററീസിനു വേണ്ടി ആന്‍ഡേഴ്സനും, സാറ മോന്‍സെല്ലും നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവ് ഗോര്‍ഡോണ്‍ റോബര്‍ട്സനാണ്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 17നു തന്നെയാണ് ചിത്രം തീയറ്ററിലെത്തിക്കുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക