India - 2025

ആതുര മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മഹത്തരം: നടന്‍ മമ്മൂട്ടി

24-01-2020 - Friday

ആലുവ: രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സിന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ മഹത്തരമെന്നു നടന്‍ മമ്മൂട്ടി. രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ 26ാമത് ത്രിദിന ദേശീയ സെമിനാര്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാവൃതം സ്വീകരിച്ച ഡോക്ടര്‍മാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു നിശ്ചയദാര്‍ഢ്യത്തോടെ പിന്നാക്ക മേഖലകളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും പരിചരണം ഒരുക്കുന്നതു നന്മയുടെ തെളിവാണ്. തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ക്കപ്പുറം മറ്റുള്ളവര്‍ക്കു പ്രചോദനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ അപ്രാപ്യമായവര്‍ക്ക് ഇവര്‍ പ്രതീക്ഷയുടെ കിരണമാണെന്നും മമ്മൂട്ടി പറഞ്ഞു.

സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ആനുവല്‍ റിപ്പോര്‍ട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ചു. ദൈവവസന്നിധിയില്‍ നിന്നു വന്നവരെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നതുവരെ പരിപാലിക്കുന്ന പാലമാണു സിസ്റ്റര്‍ ഡോക്ടേഴ്‌സെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് പ്രകാശ് മല്ലവരപ്പു, മുന്‍ ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ദേശീയ അധ്യക്ഷ സിസ്റ്റര്‍ ഡോ. ബീന മാധവത്ത്, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ, ചായ് ഡയറക്ടര്‍ ജനറല്‍ റവ ഡോ. മാത്യു ഏബ്രഹാം, ഡോ. ആന്റണി റോബര്‍ട്ട് ചാള്‍സ്, ഫാ. ജൂലിയസ് അറയ്ക്കല്‍, റവ. മദര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ അല്‍ഫോന്‍സ് മേരി എന്നിവരും പങ്കെടുത്തു.

ആതുരസേവന മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പ്രതിപാദിക്കപ്പെടും. ഇന്ത്യയിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ചാ ക്ലാസുകളും നടക്കും. ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറില്‍പരം ഡോക്ടര്‍മാരായ സിസ്റ്റര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 296