Life In Christ
മക്കളുടെ ജീവനെടുത്ത ട്രക്ക് ഡ്രൈവറോട് നിരുപാധികം ക്ഷമിച്ച് ഒരമ്മയുടെ ക്രിസ്തു സാക്ഷ്യം
സ്വന്തം ലേഖകന്‍ 03-02-2020 - Monday
സിഡ്‌നി: മക്കളുടെ ആകസ്മിക വേര്‍പ്പാടില്‍ കണ്ണു നിറഞ്ഞുള്ള സിഡ്നി സ്വദേശിനിയായ ഒരമ്മയുടെ ചിത്രവും അതേ തുടര്‍ന്നുണ്ടായ സംഭവവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ച. ഓമനിച്ച് വളര്‍ത്തിയ തന്റെ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ ധീരമായ മാതൃക ലോകത്തിനു സാക്ഷ്യപ്പെടുത്തുകയാണ് ലീല അബ്ദല്ല എന്ന ക്രൈസ്തവ വിശ്വാസിയായ ഈ അമ്മ. ഇക്കഴിഞ്ഞ ശനിയാഴ്ച സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാള്‍ വാഹനമോടിച്ചിരിന്നത്.
ലീലയുടെ മക്കളായ ആന്റണി, സിയന്ന, ആഞ്ജലീന എന്നിവരും ഇവരുടെ ബന്ധുവായ കുഞ്ഞും സംഭവ സ്ഥലത്തു തന്നെ ദാരുണമായി കൊല്ലപ്പെട്ടു. നാലു മരണം. മൃതസംസ്കാരം കഴിഞ്ഞെങ്കിലും ഹൃദയനൊമ്പരം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴും നിറകണ്ണുകളോടെ ആ അമ്മ പറഞ്ഞു, 'എനിക്കു പരാതിയില്ല'. "മദ്യപിച്ചാണ് അയാള്‍ വാഹനമോടിച്ചതെന്ന് മനസിലാക്കുന്നു. ഞാന്‍ അയാളെ വെറുക്കുന്നില്ല. കാണാന്‍ ആഗ്രഹമില്ല. പക്ഷേ എനിക്കു ആ മനുഷ്യനോടു ശത്രുതയില്ല. അദ്ദേഹത്തോട് ക്ഷമിക്കണമെന്ന് എന്റെ ഹൃദയത്തിൽ കരുതുന്നു, ഞാൻ വെറുക്കാൻ പോകുന്നില്ല, കാരണം വെറുക്കാന്‍ നമ്മള്‍ ആളല്ല".
കുഞ്ഞുങ്ങളെ ബൈബിൾ വായിക്കാനും ജപമാല ചെല്ലാനും വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും പരിശീലിപ്പിക്കുമായിരുന്നുവെന്നും മാതൃസ്നേഹത്താല്‍ ഹൃദയം നീറി പുകയുമ്പോഴും ആ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ജപമാലയും കൈയിലേന്തി പ്രാർത്ഥിക്കുന്ന ലീല അബ്ദല്ലയുടെ ചിത്രവും അവരുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ അനേകരുടെ ഹൃദയം കവരുകയാണ്. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആറ് മക്കളായിരിന്നു ഡാനിയേല്‍- ലീല അബ്ദല്ല ദമ്പതികള്‍ക്കുണ്ടായിരിന്നത്. അവരില്‍ മൂന്നു പേരെ നഷ്ട്ടപ്പെട്ടെങ്കിലും താന്‍ ക്രിസ്തുവില്‍ നിന്ന്‍ പഠിച്ച ക്ഷമയുടെ മാതൃക ലോകത്തിന് പകരുകയാണ് ഈ ഇറാനിയന്‍ വംശജ കൂടിയായ അമ്മ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക