Life In Christ - 2025

മനുഷ്യ ജീവന്റെ അന്തസ്സും പവിത്രതയും സംരക്ഷിക്കണം: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 25-01-2020 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: മനുഷ്യ ജീവിതത്തിന്റെ അന്തസ്സും പവിത്രതയും നാം ഒരുമിച്ച് സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെന്ന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ വാഷിംഗ്‌ടണിലെ നാഷ്ണല്‍ മാളില്‍ വെച്ച് നടന്ന വാര്‍ഷിക മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുക്കുവാനെത്തിയ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ വക്താവാണ്‌ താനെന്നും അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ കുഞ്ഞും അമൂല്യവും ദൈവത്തിന്റെ സമ്മാനമാണെന്ന ആത്യന്തിക സത്യം ഇവിടെ കൂടിയിരിക്കുന്ന നമുക്കെല്ലാവര്‍ക്കും അറിയാം. ജനിക്കുവാനിരിക്കുന്നതും, ജനിച്ചതുമായ എല്ലാ കുട്ടികളുടേയും അവകാശങ്ങളും അവര്‍ക്ക് ദൈവം നല്‍കിയ കഴിവുകളും സംരക്ഷിക്കുവാനാണ് നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നതിന്റെ പിന്നിലെ ലളിതമായ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത കോളേജ്, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കുവാനും ട്രംപ് മറന്നില്ല. റാലിയുടെ ഹൃദയമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, അമേരിക്കയെ ഒരു പ്രോലൈഫ് രാഷ്ട്രമാക്കി മാറ്റുന്നത് യുവജന സമൂഹമാണെന്ന്‍ ട്രംപ് പറഞ്ഞു. നേരത്തെ ആവേശോജ്ജ്വലമായ സ്വീകരണമാണ് ട്രംപിന് മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ലഭിച്ചത്.

'കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് വേണ്ടി', 'എക്കാലത്തേയും മികച്ച പ്രോലൈഫ് പ്രസിഡന്റ്' എന്നീ മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിച്ചത്. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സായിരുന്നു പങ്കെടുത്തത്. ലുസിയാനയുടെ ഫസ്റ്റ് ലേഡി ഡോണ ഹുട്ടോ എഡ്വേർഡ്, ഭർത്താവ് ജോൺ ബെൽ എഡ്വേർഡ്, ഫോകസ് ഓൺ ദി ഫാമിയിലുടെ പ്രസിഡന്റ് ജിം ഡാലി തുടങ്ങി നിരവധി പ്രമുഖർ റാലിയെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ സീറോ മലബാർ, സീറോ മലങ്കര രൂപതകൾ സംയുക്തമായി രൂപം നൽകിയ ‘4 ലൈഫ്’ പ്രോലൈഫ് മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ‘മാർച്ച് ഫോർ ലൈഫി’ൽ നൂറുകണക്കിന് മലയാളികളും പങ്കുചേര്‍ന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 26