Life In Christ - 2025

ജീവന്‍ പണയപ്പെടുത്തി രക്ഷാദൗത്യം: ഇറ്റാലിയന്‍ മാധ്യമങ്ങളിലെ താരമായി മലയാളി കന്യാസ്ത്രീ

സ്വന്തം ലേഖകന്‍ 03-02-2020 - Monday

ജെനോവ: വയോധിക വൈദികനെ കൊലപ്പെടുത്തുവാന്‍ പാഞ്ഞെടുത്ത ആക്രമിയെ സ്വജീവന്‍ പണയപ്പെടുത്തി രക്ഷിച്ച മലയാളി കന്യാസ്ത്രീയെ കുറിച്ചുള്ള വാര്‍ത്ത ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ‘ദി ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ഓഫ് ഡോണ്‍ ഡി ആസ്റ്റെ’ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ദിവ്യ എന്ന മലയാളി കന്യാസ്ത്രീയാണ് ധീരമായ ഇടപെടലിനെ തുടര്‍ന്നു വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 31നാണ് വാര്‍ത്തയ്ക്കു ആധാരമായ സംഭവം.

ഇറ്റലിയിലെ ജെനോവ നഗരത്തിലെ സാന്‍ ഫ്രാന്‍സെസ്കോ ഡി സെസ്ട്രി പോണെന്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി നടന്ന ആരാധന മദ്ധ്യേ അക്രമി മൂര്‍ച്ചേയേറിയ കത്തിയുമായി ഫാ. ഡോണ്‍ ഡെല്‍ഫിനോ എന്ന വൈദികനു നേരെ പാഞ്ഞെടുക്കുകയായിരിന്നു. ഫാ. ഡോണായിരിന്നു ആരാധനക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിന്നത്. 'ഞാൻ പിശാചാണ്, ഞാൻ പിശാചാണ്' എന്ന ആക്രോശത്തോടെയായിരിന്നു ആക്രമണത്തിനുള്ള നീക്കം. അപ്രതീക്ഷിതമായ നീക്കത്തില്‍ പതറിപ്പോയ സിസ്റ്റര്‍ ദിവ്യ പൊടുന്നനെ ധൈര്യം വീണ്ടെടുത്ത് അക്രമിയുടെ മുന്നിലേക്ക് ഓടിയിറങ്ങുകയും അയാളെ തടയുകയും ചെയ്തു.

സ്വന്തം കഴുത്തില്‍ മുറിവേറ്റിട്ടുപോലും വൈദികനെ ആക്രമിക്കുവാന്‍ സിസ്റ്റര്‍ അനുവദിച്ചില്ല. തുടക്കത്തില്‍ സ്തംഭിച്ചുനിന്ന വിശ്വാസികളും സിസ്റ്ററിന്റെ സഹായത്തിനെത്തിയതോടെ അക്രമിയുടെ നീക്കം നിഷ്ഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തു എത്തി അക്രമിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിലയിരുത്തല്‍. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും സിസ്റ്റര്‍ ദിവ്യ ഇപ്പോഴും മോചിതയായിട്ടില്ലെന്നും, അടുത്ത ആഴ്ചയോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മദര്‍ സുപ്പീരിയര്‍ അറിയിച്ചു.

ജെനോവാ അതിരൂപതയുടെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബാഗ്നാസ്കോ സിസ്റ്റര്‍ ദിവ്യയെ സന്ദര്‍ശിച്ച്, ധീരമായ ഇടപെടലിന് അഭിനന്ദനവും നന്ദിയും അറിയിച്ചു. അതിവേഗം സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തതായും ‘ദി ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രൊവിഡന്‍സ് ഓഫ് ഡോണ്‍ ഡി ആസ്റ്റെ’ സമൂഹത്തിന്റെ മദര്‍ സുപ്പീരിയര്‍ പറഞ്ഞു. നിരവധി ഇറ്റാലിയന്‍ മാധ്യമങ്ങളാണ് സിസ്റ്റര്‍ ദിവ്യയുടെ ധീരതയെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 26