India
കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനായി മാര്‍ ജോസ് പുളിക്കല്‍ ചുമതലയേറ്റു
04-02-2020 - Tuesday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ നാലാമത് മെത്രാനായി മാര്‍ ജോസ് പുളിക്കല്‍ ചുമതലയേറ്റു. സ്ഥാനമേല്‍പ്പിക്കല്‍ ശുശ്രൂഷയിലും തുടര്‍ന്ന് ബിഷപ്പ് മാര്‍ അറയ്ക്കലിനു നല്‍കിയ സ്‌നേഹാദര സമ്മേളനത്തിലും ബിഷപ്പുമാരും സന്യസ്തരും ജനപ്രതിനിധികളും ഉള്‍പ്പെടെ വന്‍ ജനാവലി പങ്കുചേര്‍ന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ തിരുക്കര്‍മങ്ങളില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
മാര്‍ മാത്യു അറയ്ക്കലിന്റെ സ്വാഗത പ്രസംഗത്തിനു ശേഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാര്‍ ജോസ് പുളിക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ഥാനാരോഹണ ശുശ്രൂഷയുടെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍ ജോസ് പുളിക്കലിനെ തൊപ്പി അണിയിച്ച് അംശവടി ഏല്‍പ്പിച്ചശേഷം സ്ഥാനിക കസേരയില്‍ ഇരുത്തി.
മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ സമൂഹബലിയില്‍ കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശത്തിനു ശേഷം മാര്‍ പുളിക്കല്‍ കൃതജ്ഞതാ പ്രകാശനം നടത്തി. ഉച്ചകഴിഞ്ഞു മൂന്നിന് മഹാജൂബിലി ഹാളില്‍ മാര്‍ മാത്യു അറയ്ക്കലിനു രൂപതകുടുംബം നല്‍കിയ ആദരവ് സമ്മേളനം സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ സ്വാഗതം ആശംസിച്ചു.
ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ഡോ. എജീദിയൂസ് സിഫ്‌കോവിച്ച്, ഡോ. ജോസഫ് മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, മാര്‍ സേവേറിയോസ് കുറിയാക്കോസ് വലിയ മെത്രാപ്പോലീത്ത, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. ജോഷ്വ മാര്‍ നിക്കദിമോസ് മെത്രാപ്പോലീത്ത, ഡോ.തോമസ് മോര്‍ തിമോത്തിയോസ്, വൈദിക പ്രതിനിധി റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍, പാസ്റ്ററല്‍ കൗണ്സി.ല്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍, സന്യാസിനി പ്രതിനിധി സിസ്റ്റര്‍ സാലി സിഎംസി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു അറയ്ക്കലിനു രൂപതയുടെ മംഗളപത്രം വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ആലുങ്കല്‍, ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ എന്നിവര്‍ സമര്‍പ്പിച്ചു. മാര്‍ മാത്യു അറയ്ക്കല്‍ മറുപടി പ്രസംഗം നടത്തി.