Life In Christ

“ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനം”: വൈകിയ വേളയിലുള്ള ഗര്‍ഭഛിദ്രം നിരോധിക്കുവാന്‍ ട്രംപ്

സ്വന്തം ലേഖകന്‍ 05-02-2020 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: വൈകിയ വേളയിലുള്ള ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടും ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന സത്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ വൈകിട്ട് കാപ്പിറ്റോള്‍ ഹില്ലില്‍ നടത്തിയ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍’ വാര്‍ഷിക പ്രസംഗത്തിലാണ് ഗര്‍ഭഛിദ്രത്തിനെതിരെയുള്ള തന്റെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും വ്യക്തമാക്കിയത്. “വൈകിയ വേളകളിലുള്ള അബോര്‍ഷന്‍ നിരോധിക്കുവാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ഈ രാത്രി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമ്മള്‍ റിപ്പബ്ലിക്കനോ, ഡെമോക്രാറ്റോ, സ്വതന്ത്രനോ ആരുമായികൊള്ളട്ടെ, ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ സമ്മാനമാണെന്ന കാര്യം നാം തീര്‍ച്ചയായും അംഗീകരിക്കുന്നു”. ഗര്‍ഭഛിദ്രത്തിനുള്ള നിരോധനം തന്റെ ഒപ്പിനായി അയക്കുവാനും അദ്ദേഹം കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

2017-ല്‍ കന്‍സാസ് സിറ്റിയിലെ സെന്റ്‌ ലുക്ക്‌ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വളര്‍ച്ചയെത്താതിരിന്ന ഗര്‍ഭസ്ഥ ശിശുവിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സംഭവത്തെക്കുറിച്ചും ട്രംപ് വിവരിച്ചു. വെറും 21 ആഴ്ചയും 6 ദിവസവും പ്രായമുള്ളപ്പോള്‍ ഒരു പൗണ്ടില്‍ താഴെ തൂക്കവുമായി ഡോക്ടര്‍മാരുടെ കഴിവും, മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും കാരണം ജീവിതത്തിലേക്ക് വന്ന എല്ലി ഷ്നീഡര്‍ എന്ന കുഞ്ഞിന്റെ കാര്യമാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഇന്നു രണ്ട് വയസ്സ് പ്രായമുള്ള എല്ലി പൂര്‍ണ്ണ ആരോഗ്യവതിയാണ്. ഓരോ കുഞ്ഞും ജീവിതത്തിലെ ഓരോ അത്ഭുതങ്ങളാണെന്ന കാര്യം എല്ലി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന്‍ വൈദ്യശാസ്ത്ര രംഗത്തെ നേട്ടങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപ് പ്രസ്താവന നടത്തുമ്പോള്‍ എല്ലിയും അമ്മയും സദസിലുണ്ടായിരിന്നു. നിറകണ്ണുകളോടെയാണ് അവര്‍ പ്രസിഡന്റിന്റെ വാക്കുകള്‍ ശ്രവിച്ചത്. അതേസമയം ശക്തമായ കയ്യടി സദസില്‍ നിന്ന്‍ ഉയര്‍ന്നു.

എല്ലി ജനിച്ച ആശുപത്രിയില്‍ ഇതേരീതിയില്‍ പിറന്ന 50 ശതമാനം കുട്ടികളും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. "എല്ലിയെപ്പോലെ ജീവിക്കുവാന്‍ ഓരോ കുട്ടിക്കും അവകാശമുണ്ട്. അതുകൊണ്ടാണ് നിയോനാറ്റല്‍ ഗവേഷണങ്ങള്‍ക്കായി 5 കോടി ഡോളര്‍ കൂടി വകയിരുത്തണമെന്ന് കോണ്‍ഗ്രസ്സിനോട് ഞാന്‍ ആവശ്യപ്പെടുന്നത്" ട്രംപ് പറഞ്ഞു. ഇന്റര്‍നാഷ്ണല്‍ പ്ലാന്‍ഡ്പാരന്റ്ഹുഡ് പോലെയുള്ള അബോര്‍ഷന്‍ അനുകൂല സംഘടനകള്‍ക്കുള്ള വിദേശ സഹായങ്ങള്‍ നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അധികാരമേറ്റ നാള്‍ മുതലുള്ള ട്രംപിന്റെ പ്രോലൈഫ് കാഴ്ചപ്പാടുകളുടെ ഒടുവിലത്തെ പ്രകടനമായിരുന്നു സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം. കഴിഞ്ഞ മാസം നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധയാകര്‍ഷിച്ചിരിന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കുവാനും, ഓരോ കുട്ടിയും ദൈവത്തിന്റെ അമൂല്യ സമ്മാനമാണെന്ന ശാശ്വത സത്യം മനസ്സിലാക്കുവാനുമാണ് ഒരുമിച്ച് കൂടിയിരിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പതിനായിരങ്ങളോട് പറഞ്ഞത്.

കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക

----------------------------------------------

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

More Archives >>

Page 1 of 27