News - 2025
ഭാരത ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള പുതിയ ലെക്ഷണറി പുറത്തിറക്കി
19-02-2020 - Wednesday
ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള പുതിയ ലെക്ഷണറി (വചന വായന പുസ്തകം) പുറത്തിറക്കി. ബംഗളൂരു സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് മൂന്ന് വാല്യങ്ങളുള്ള പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കിയത്. ബോംബെ ആര്‍ച്ച് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് ആദ്യപ്രതി നല്കി പ്രകാശനം നിര്‍വഹിച്ചു. ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം വര്‍ധിപ്പിക്കാനും അതുവഴി ആരാധനയില്‍ സജീവമായും പൂര്‍ണമായും ബോധ്യത്തോടെയും കര്‍ത്താവിലേക്ക് ഉയര്‍ത്തപ്പെടാനുമുള്ള ഒരു ക്ഷണമാണ് ഈ പുതിയ ലെക്ഷണറിയെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.
പുതിയ ലെക്ഷണറിയുടെ പ്രകാശനം ഇന്ത്യന്‍ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് സിസിബിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ്ഫിലിപ് നേരി ഫെറാവോ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് ഓശാന ഞായര്‍ മുതലുള്ള ആരാധനാഘോഷങ്ങളില്‍ ഈ ലെക്ഷണറി ഔദ്യോഗികമായി ഉപയോഗിക്കാന്‍ തുടങ്ങും. ഇന്ത്യന്‍ ആരാധനാവത്സര കലണ്ടര്‍ പ്രകാരമാണ് പുതിയ ഇംഗ്ലീഷ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങള്‍, ഇന്ത്യയിലെ വിശുദ്ധരുടെ നാമഹേതുക തിരുനാളുകള്‍, അനുസ്മരണങ്ങള്‍, രാജ്യത്തിനു വേണ്ടിയുള്ള ദിവ്യബലികള്‍ എന്നിവയ്ക്കായി പ്രത്യേക വായനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്.
പ്രകാശനചടങ്ങില്‍ സിസിബിഐ ലിറ്റര്‍ജി കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഐറിസ് ഫെര്‍ണാണ്ടസ്, ഏഷ്യന്‍ ട്രേഡിംഗ് കോര്‍പറേഷന്‍ സിഇഒ നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് ബിഷപ്പുമാര്‍ക്ക് മുന്നില്‍ ലെക്ഷണറി അവതരിപ്പിച്ചു. സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് അന്തോണിസാമി, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പീറ്റര്‍ പോള്‍ സല്‍ദാന. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.