News - 2025
ആഫ്രിക്കയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി
സ്വന്തം ലേഖകന്‍ 04-03-2020 - Wednesday
ഒടുക്പോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒടുക്പോ രൂപതയില്‍ നിന്നും തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി. ബെന്യൂ സംസ്ഥാനത്തിലെ ഒടുക്പോ രൂപതയിലെ മൈനര്‍ സെമിനാരിയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. ഡേവിഡ് എക്കിയോഡ, ബന്ധികളുടെ കൈയില്‍ നിന്നും മോചിതനായ വിവരം രൂപത തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കല്‍ നാഡി എന്ന സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന്റെ ദുഃഖം മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായതില്‍ ആശങ്കയില്‍ കഴിഞ്ഞിരിന്ന ക്രൈസ്തവ സമൂഹത്തിന് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത.
സെന്‍ട്രല്‍ നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം തന്റെ സെമിനാരിയിലേക്ക് മടങ്ങി വരവേയാണ് ആയുധധാരികളായ അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയില്‍ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോകല്‍ പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഫാ. ഡേവിഡ്. തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ഇഡോ സംസ്ഥാനത്തിലെ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസമാണ്. നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാനായ റവ. ലാവന്‍ അന്‍ഡീമി കൊല്ലപ്പെട്ടതും ജനുവരിയില്‍ തന്നെയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അബൂജ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ക് ബിഷപ്പ് ഇഗ്നേഷ്യസ് കായിഗാമ ശക്തമായി അപലപിച്ചു. ബിഷപ്പ് ഓഗസ്റ്റിന്‍ ഓബിയോറ അകുബെസേയും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. നൈജീരിയയിലെ സ്ഥിതിഗതികള്‍ വളരെയേറെ മോശമായി വരികയാണെന്നു ഫെബ്രുവരി 27ന് യു.എസ് റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് വ്യക്തമാക്കിയിരിന്നു. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് നൈജീരിയന്‍ ക്രൈസ്തവരുടെ ഇടയില്‍ അക്രമം വിതയ്ക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക