News
ദുഃഖ വെള്ളിയിലെ സ്തോത്രക്കാഴ്ച ഇത്തവണയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക്
സ്വന്തം ലേഖകന്‍ 05-03-2020 - Thursday
വത്തിക്കാന്‍ സിറ്റി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ദുഃഖ വെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച ഇത്തവണയും ദുരിത ബാധിതരായ മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന്‍ വത്തിക്കാന്‍. ഇതിന്റെ ഭാഗമായി പരമാവധി തുക സംഭാവനയായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രി ലോകമെങ്ങുമുള്ള മെത്രാന്മാര്‍ക്കായി കത്തെഴുതി. കടുത്ത ദുഃഖത്തിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന് ആഗോള കത്തോലിക്ക സമൂഹത്തിന്റെ സഹായം ആവശ്യമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
പരമ്പരാഗതമായി ദുഃഖ വേള്ളിയാഴ്ചകളില്‍ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചകളാണ് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കുള്ള സഹായത്തിന്റെ പ്രധാന ഉറവിടം. ജെറുസലേം, പലസ്തീന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനോന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തെ സഹായിക്കുവാനാണ് സംഭാവനകള്‍ പ്രധാനമായും ചിലവിടുക. വിശുദ്ധനാടിന്റെ മേല്‍നോട്ട ചുമതല നിര്‍വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ സഭയ്ക്കാണ് വത്തിക്കാന്‍ തുക കൈമാറുന്നത്.
പുരാതന പൈതൃക ദേവാലയങ്ങളുടെ പരിപാലനത്തിനും, മേഖലയിലെ ക്രൈസ്തവരുടെ അജപാലകപരമായ ആവശ്യങ്ങള്‍ക്കും, സ്കൂളുകളുടേയും, സന്നദ്ധ സ്ഥാപനങ്ങളുടേയും നടത്തിപ്പിനും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനുമായിട്ടാണ് ഫണ്ട് വിനിയോഗിക്കുക. കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ കത്തിനൊപ്പം കഴിഞ്ഞ വര്‍ഷം സ്തോത്രക്കാഴ്ചയായി ലഭിച്ച 82 ലക്ഷം ഡോളര്‍ (അറുപതു കോടിയിലധികം രൂപ) വിനിയോഗിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. വൈദികരുടെയും, സന്യസ്ഥരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടേയും വിദ്യാഭ്യാസപരവും ആത്മീയവുമായ ഉന്നമനത്തിനായി ചിലവഴിച്ചത് 32 ലക്ഷം ഡോളറാണ്.
ബെത്ലഹേം യൂണിവേഴ്സിറ്റി ഉള്‍പ്പെടെ യുവജനങ്ങളുടെ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം ഡോളര്‍ ചിലവഴിച്ചപ്പോള്‍ 10 രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള അടിയന്തിര സഹായമായി ചിലവഴിച്ചത് 20 ലക്ഷം ഡോളറാണ്. ഫണ്ടുപയോഗിച്ച് സഹായിച്ചിട്ടുള്ള പദ്ധതികളുടെ ലിസ്റ്റും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. തിരുപ്പിറവി ദേവാലയം, ബെഥനിയിലെ ആശ്രമം, തിരുക്കല്ലറ പള്ളി, ടെറാ സാങ്റ്റാ മ്യൂസിയം തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കും പുനരുദ്ധാരണ പദ്ധതികള്‍ക്കും ഈ ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്‍ തിരുസംഘം നേരിട്ടാണ് ഫണ്ടിന്റെ വിനിയോഗത്തിന്റെ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക