India - 2025

കൊറോണ: ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് റാഫേല്‍ തട്ടില്‍

സ്വന്തം ലേഖകന്‍ 09-03-2020 - Monday

ഷംഷാബാദ്: കൊറോണ വൈറസിനെ ചെറുക്കാൻ ശക്തമായ പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഷംഷാബാദ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റാഫേൽ തട്ടിൽ സർക്കുലർ പുറപ്പെടുവിച്ചു. വൈറസ് പകരാതിരിക്കാൻ മാനുഷികമായിട്ടുള്ള ശ്രമങ്ങൾ നടത്തുന്നതോടൊപ്പം ജീവൻ നൽകിയ ദൈവത്തിന്റെ ഇടപെടലിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസിനെ മനുഷ്യന് നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത് ദൈവത്തിലേക്ക് തിരിയാനും, ദൈവീക പദ്ധതി മനസ്സിലാക്കാനുമുള്ള ഒരു അവസരമായി കാണണമെന്നു അദ്ദേഹം സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. വിവിധ സർക്കാരുകൾ നൽകുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും ബിഷപ്പ് വിശ്വാസി സമൂഹത്തിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഭീതിയുടെ ഒരു അന്തരീക്ഷം നിലനിൽക്കുന്നതിനാൽ, സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു ഉദാഹരണമായി മാറാൻ കത്തോലിക്ക വിശ്വാസികൾക്ക് സാധിക്കണം. കൊറോണ നിയന്ത്രണ വിധേയമാകുന്നതിനും രോഗബാധിതര്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനും നമ്മുടെ പ്രാർത്ഥനകളും ത്യാഗ പ്രവര്‍ത്തികളും സമര്‍പ്പിക്കാം. "എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 59 : 1), മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക്‌ ഉറപ്പേകുന്നു (സങ്കീര്‍ത്തനങ്ങള്‍ 23 : 4) തുടങ്ങിയെ സങ്കീര്‍ത്തനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ലഘു പ്രാര്‍ത്ഥനയോടെയാണ് സര്‍ക്കുലര്‍ സമാപിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 308