Life In Christ

ദേവാലയം അടച്ചു പൂട്ടില്ല, കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥന അത്യാവശ്യം: ഫ്രഞ്ച് ബിഷപ്പ് പാസ്കല്‍ റോളണ്ട്

സ്വന്തം ലേഖകന്‍ 06-03-2020 - Friday

ബെല്ലി (ഫ്രാന്‍സ്): ദേവാലയം അപകട സാധ്യതയുള്ള സ്ഥലമല്ലായെന്നും കൊറോണക്കെതിരെ കൂട്ടായ പ്രാര്‍ത്ഥനയാണ് ഈ ഘട്ടത്തില്‍ അത്യാവശ്യമെന്നും ഫ്രാന്‍സിലെ ബെല്ലി ആര്‍സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് പാസ്കല്‍ റോളണ്ട്. ക്രൈസ്തവര്‍ ഒന്നിച്ചുകൂടിയുള്ള പ്രാര്‍ത്ഥനകളും അയല്‍ക്കാരെ സഹായിക്കലും ഒഴിവാക്കേണ്ടതില്ലെന്നാണ്‌ തന്റെ അഭിപ്രായമെന്നും കൊറോണ വൈറസ് ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള അകല്‍ച്ചയുടെ സൂചനയായി തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുവാനോ, വിശുദ്ധ കുര്‍ബാന റദ്ദാക്കുവാനോ ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുവാനോ തനിക്ക് പദ്ധതിയില്ലെന്ന് രൂപതയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയേക്കാള്‍ കൂടുതല്‍ അതിനെചൊല്ലിയുള്ള പേടിയേയാണ് ഭയക്കേണ്ടത്. ഇതിനെ നേരിടുവാന്‍ കൂട്ടായ പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ട്. രോഗം ബാധിച്ചാല്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാന്‍ നമുക്ക് ലഭിച്ചിട്ടുള്ള അറിവുകള്‍ക്കും, നമ്മുടെ വിവേകത്തിനും പുറമേ മറ്റ് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുരാതനകാലങ്ങളില്‍ മഹാമാരികളുടെ അവസരങ്ങളില്‍ ക്രൈസ്തവര്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും, രോഗികളെ സഹായിക്കുകയും, മരിച്ചവരെ അടക്കം ചെയ്തിരുന്നതും ചൂണ്ടിക്കാട്ടിയ ബിഷപ്പ് അവര്‍ ഒരിക്കലും ദൈവത്തില്‍ നിന്നും അകലുകയോ തന്റെ അയല്‍ക്കാരനെ ഉപേക്ഷിക്കുകയോ ചെയ്തിരുന്നില്ലായെന്നും ഓര്‍മ്മിപ്പിച്ചു.

ഇന്ന്‍ കൊറോണ ബാധയുടെ പേരില്‍ ആളുകളില്‍ ഉടലെടുത്തിരിക്കുന്ന പരിഭ്രാന്തി ദൈവവുമായുള്ള നമ്മുടെ അകല്‍ച്ചയുടെ സൂചനയല്ലേയെന്നും ബിഷപ്പ് ചോദിച്ചു. രോഗബാധ നമ്മുടെ മാനുഷിക ബലഹീനതകളെക്കുറിച്ച് നമ്മളെത്തന്നെ ഓര്‍മ്മിപ്പിക്കുന്നു. നമ്മളെല്ലാം ഒരേഭവനത്തിലെ അന്തേവാസികളാണെന്നും, പരസ്പരം ആശ്രയിക്കുന്നവരാണെന്നും, അതിര്‍ത്തികള്‍ അടക്കേണ്ടതിനു പകരം പരസ്പര സഹകരണത്തോടെ ജീവിക്കുകയാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുവാന്‍ വൈറസിന് കഴിഞ്ഞു. ദേവാലയം ഒരു അപകട സാധ്യതയുള്ള സ്ഥലമല്ല.

മറിച്ച് ആരോഗ്യത്തിന്റെ കേന്ദ്രമാണ്. ജീവന്റെ നാഥനായ ക്രിസ്തുവിനെ സ്വാഗതം ചെയ്യുന്ന സ്ഥലമാണ്. അവന്‍ വഴി അവനിലൂടെ അവനോടൊപ്പം നമ്മള്‍ ഒരുമിച്ച് ജീവിക്കും. പ്രതീക്ഷയുടെ സ്ഥലമായി ദേവാലയം തുടരുകയും ചെയ്യുമെന്ന് ബിഷപ്പ് കുറിച്ചു. കൊറോണയുടെ പേരില്‍ ദേവാലയങ്ങള്‍ അടച്ചു പൂട്ടുകയും വിശുദ്ധ കുര്‍ബാന റദ്ദാക്കുകയും, ദിവ്യകാരുണ്യം കയ്യില്‍ കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് റോളണ്ടിന്റെ ശക്തമായ വിശ്വാസ പ്രഘോഷണം ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക     

More Archives >>

Page 1 of 29