News - 2024

ആയിരത്തിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ വിട്ടുതരാന്‍ തയാര്‍: മോദിക്ക് ക്രൈസ്തവ നേതൃത്വത്തിന്റെ കത്ത്

സ്വന്തം ലേഖകന്‍ 26-03-2020 - Thursday

ഡൽഹി: കോവിഡ് 19നെ രാജ്യം ഒറ്റകെട്ടായി നേരിടുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ക്രൈസ്തവ ആതുരാലയങ്ങൾ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചും 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്' പ്രധാനമന്ത്രിക്ക് കത്തയച്ചു. അറുപതിനായിരത്തോളം ബെഡ്ഡുകളുള്ള ആയിരത്തിലധികം ആശുപത്രികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുതരാനുള്ള സന്നദ്ധതയാണ് സംഘടന കത്തിലൂടെ അറിയിച്ചത്.

കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ദി ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവൽ ഹെൽത്ത് അസോസിയേഷൻ, ക്രിസ്ത്യൻ മെഡിക്കൽ കോളേജസ് ഓഫ് വെല്ലൂർ & ലുധിയാന എന്നീ ആരോഗ്യമേഖലയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സംയുക്ത സംഘടനയാണ് 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്'. രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടരുമ്പോൾ ദേശീയ ആശുപത്രി ശൃംഖലയെന്ന രീതിയിൽ പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചു സഹകരിക്കാൻ സദാ സജ്ജരാണ് എന്ന സന്ദേശമാണ് സംഘടനാ ഭാരവാഹികൾ കത്ത് വഴി കൈമാറിയിരിക്കുന്നത്.

പ്രാർത്ഥനയിലും പ്രവർത്തനത്തിലും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു എന്ന വാക്കുകളോടെയാണ് കത്ത് സമാപിക്കുന്നത്. അതേസമയം ഇതിനോടകം തന്നെ പ്രാദേശിക തലത്തിൽ കോവിഡ് പകർച്ച സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതോടൊപ്പം സർക്കാരുകളുമായി സഹകരിച്ചു രോഗനിർമ്മാർജ്ജനത്തിനാവശ്യമായ നടപടികളും 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്' സ്വീകരിച്ചിട്ടുണ്ട്.

രാജ്യമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന ആശുപത്രി ശൃംഖലയിൽ വിദഗ്ധ സേവനങ്ങൾ നല്കി വരുന്നതോടൊപ്പം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും ആലംബഹീനര്‍ക്കും വലിയ സഹായമാണ് 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്'ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലുള്ള ഇരുന്നൂറോളം ആശുപത്രികള്‍ വിട്ടുകൊടുക്കുവാന്‍ സന്നദ്ധരാണെന്ന് കെ‌സി‌ബി‌സി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരിന്നു. സഭയുടെ സമയോചിതമായ ഈ നിലപാടിന് നവമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 536