News - 2025
അമേരിക്കൻ ആർച്ച് ബിഷപ്പിന് കൊറോണ സ്ഥിരീകരിച്ചു
സ്വന്തം ലേഖകന്‍ 24-03-2020 - Tuesday
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മഡിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ പിടിപെടുന്ന ആദ്യത്തെ അമേരിക്കൻ മെത്രാനാണ് ഗ്രിഗറി ഏയ്മഡ്. കുറച്ചു ദിവസങ്ങളായി തനിക്ക് പനി പോലുള്ള കുറച്ച് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും, മുൻകരുതൽ എന്ന നിലയ്ക്ക് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് 19 രോഗബാധിതനാണെന്ന് മനസ്സിലാക്കിയതന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ രോഗം ബാധിക്കാതിരിക്കാൻ താൻ ഇപ്പോൾ ക്വാറന്റിനിലാണ് കഴിയുന്നത്. ഇതുവരെ താനുമായി സമ്പർക്കം പുലർത്തിയ ആളുകളെ താൻ വിവരം ധരിപ്പിച്ചിട്ടുണ്ട്. ക്വാറന്റിനിൽ കഴിയുന്ന ദിവസങ്ങൾ മറ്റു രോഗബാധിതർക്ക് വേണ്ടി പ്രാർത്ഥനയ്ക്കാനായി നീക്കിവെക്കും. മുന്നോട്ടുള്ള ദിവസങ്ങളിൽ ഫേസ്ബുക്ക് പേജിലൂടെയും, അതിരൂപതയുടെ വെബ്സൈറ്റിലൂടെയും, ഈ പ്രതിസന്ധിയെ പറ്റിയും, ദൈവിക സൗഖ്യത്തിന്റെ ശക്തിയെ പറ്റിയുമുളള തന്റെ ചിന്തകൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2009 മുതൽ ന്യൂ ഓർലിയൻസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ചെയ്തു വരുന്ന ഗ്രിഗറി ഏയ്മഡിന് എഴുപതു വയസാണുള്ളത്. ഇതിനു മുമ്പ് അദ്ദേഹം ന്യൂ ഓർലിയൻസിന്റെ സഹായമെത്രാനായും ഓസ്റ്റിൻ രൂപതയുടെ മെത്രാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് അമേരിക്കൻ വൈദികർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വാഷിംഗ്ടണിലെ ഒരു ഫ്രാൻസിസ്കൻ സന്യാസി കോവിഡ് -19 മൂലം മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ഏകദേശം 366,000 ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 16000 ആളുകൾ മരണമടഞ്ഞു. ഇറ്റലിയിൽ ഇതുവരെ അറുപതോളം വൈദികർ കോവിഡ്-19 മൂലം മരണപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക