India - 2025
മാനന്തവാടി രൂപത ആശുപത്രി വിട്ടുനൽകി: വിഷമഘട്ടം ഉണ്ടായാൽ സ്ഥാപനങ്ങൾ വിട്ടുനൽകാനും നിർദേശം
സ്വന്തം ലേഖകന്‍ 30-03-2020 - Monday
മാനന്തവാടി സെന്‍റ് ജോസഫ് മിഷന്‍ ഹോസ്പിറ്റലിന്‍റെ മുപ്പത്തിരണ്ടു കിടക്കകളുള്ള ഒരു ബ്ലോക്ക് മുഴുവനും മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തീരുമാനിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് സെന്‍ററായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ തേടിക്കൊണ്ടിരുന്നവരുടെ സൗകര്യത്തെപ്രതിയാണ് ഈ തിരുമാനം. മുപ്പത്തിരണ്ടു കിടക്കകളും അനുബന്ധ സൗകര്യങ്ങളും കൂടാതെ ലാബ്, ഐസിയു, ഓപ്പറേഷന്‍ തിയറ്റര്‍, ഓ.പി.കള്‍, ഫാര്‍മസി, നഴ്സിംഗ് സ്റ്റേഷന്‍, ട്രീറ്റ്മെന്‍റ് റൂം എന്നിവയെല്ലാമാണ് അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ച് വിട്ടുനല്കാന്‍ രൂപതാദ്ധ്യക്ഷന്‍ തീരുമാനിച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം മറ്റ് സൗകര്യങ്ങള്‍ നല്കാന്‍ തയ്യാറാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കൊറോണയുടെ സാമൂഹികവ്യാപനം പോലെയുള്ള വിഷമഘട്ടങ്ങള്‍ ഉണ്ടായാല്‍ രൂപതയുടെ സ്ഥാപനങ്ങളും ഇടവകകളുടെ സൗകര്യങ്ങളും ആവശ്യാനുസരണം ക്രമപ്പെടുത്തി നല്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഫൊറോനാ വികാരിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗിലും രൂപതാദ്ധ്യക്ഷന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്ന കാര്യത്തില്‍ കെസിബിസി പ്രസിഡന്‍റും സീറോ മലബാര്‍ സഭയുടെ തലവനുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍, വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിലായുള്ള മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം ഓര്‍മ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക