Arts
കോവിഡ് പോരാളികള്‍ക്ക് ആദരവുമായി ക്രൈസ്റ്റ് ദി റെഡീമർ രൂപം
സ്വന്തം ലേഖകന്‍ 14-04-2020 - Tuesday
റിയോ ഡി ജനീറോ: ആഗോള തലത്തില്‍ കോവിഡിനെതിരെ പോരാടികൊണ്ടിരിക്കുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവുമായി റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ രൂപം. മഹാമാരിക്കെതിരെ രാപ്പകലില്ലാതെ വൈദ്യശാസ്ത്ര രംഗത്ത് അക്ഷീണം പ്രവർത്തിവച്ചു കൊണ്ടിരിക്കുന്നവർക്കുള്ള നന്ദി സൂചകമായാണ് ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുരൂപത്തില്‍ ഡിജിറ്റല്‍ ദൃശ്യ വിസ്മയം ഒരുക്കിയത്. ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഒരു ഡോക്ടറുടെ വെളുത്ത അങ്കി ധരിച്ച് സ്റ്റെതസ്കോപ്പ് തോളിലേറ്റി നിൽക്കുന്ന ദൃശ്യത്തോടെയാണ് രൂപത്തില്‍ ഭാവമാറ്റം പ്രത്യക്ഷമായത്.
തുടര്‍ന്നു ആതുര ശുശ്രൂഷകരുടെയും വിവിധ രാജ്യങ്ങളുടെ പതാകായുടെ ദൃശ്യങ്ങളും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. നിരവധി ഭാഷകളിൽ നന്ദിയും എഴുതി കാണിച്ചു. ഇതിന് പിന്നാലേ കൂടാതെ ക്രിസ്തു രൂപത്തിന് താഴെ വിശുദ്ധ കുര്‍ബാന നടന്നു. റിയോ ഡി ജെനീറോയിലെ ആര്‍ച്ച് ബിഷപ്പ് ഒരാനി ടെംപെസ്റ്റ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊറോണ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആതുര ശുശ്രൂഷകരെ സമര്‍പ്പിച്ചായിരിന്നു ബലിയര്‍പ്പണം. വിശുദ്ധ കുര്‍ബാനക്ക് ശേഷം ദിവ്യകാരുണ്യ ആശീര്‍വ്വാദം ആര്‍ച്ച് ബിഷപ്പ് നല്‍കി.
കൊറോണ പകര്‍ച്ചവ്യാധി പടരുവാന്‍ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ക്രൈസ്റ്റ് ദി റെഡീമർ രൂപത്തില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഒരുക്കുന്നത്. മാര്‍ച്ച് 18നു ‘ക്രൈസ്റ്റ് ദി റെഡീമര്‍’ല്‍ കൊറോണക്കെതിരെ പൊരുതുന്ന വിവിധ രാജ്യങ്ങളുടെ പേരുകളും പതാകകളും മിന്നിമറഞ്ഞിരിന്നു. റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന 38 മീറ്റര്‍ ഉയരമുള്ള ഈ രൂപം പുതിയ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്.