India - 2025
പോലീസ് നടത്തിയ അധിക്ഷേപകരമായ നടപടികൾക്കെതിരെ കൊച്ചി രൂപതയിലെ സംഘടനകള്‍
സ്വന്തം ലേഖകന്‍ 21-04-2020 - Tuesday
തോപ്പുംപടി: വെല്ലിംഗ്ടൺ ഐലൻ്റിലെ സ്‌റ്റെല്ല മേരീസ് പള്ളിയിലെ ദിവ്യബലിയെ തുടർന്ന് പോലീസ് നടത്തിയ ആക്ഷേപകരമായ നടപടികൾക്കെതിരെ കൊച്ചി രൂപതയിലെ ഫോർമെർ ലീഡേഴ്സ് അലയൻസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 15-ാം തീയതി രാവിലെ 6.30ന് മൂന്ന് സഹായികൾക്കൊപ്പം ദിവ്യബലി നടത്തി വരവെ അപ്രതീക്ഷിതമായി മറ്റ് മൂന്നു പേർ പള്ളിയിൽ പ്രവേശിക്കുകയും, തുടർന്ന് ഐലൻ്റ് പോലീസ് സ്ഥലത്ത് എത്തി കോവിഡ് വ്യാപന നിയന്ത്രണം ലംഘിച്ചു എന്ന പേരിൽ കേസ് എടുക്കുകയാണുണ്ടായത്. ഉത്തമ വിശ്വാസത്തോടെ നടത്തിയ ദിവ്യബലി മധ്യേ അഞ്ചിൽ കൂടുതൽ പേർ പള്ളിയിൽ ഉണ്ടാകാനിടയായ സാഹചര്യത്തിൽ തനിക്ക് അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല എന്ന വൈദികൻ്റെ നിലപാട് തള്ളിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്റ്റേഷനിലേക്ക് കൊണ്ടുപോയ വൈദികനും മറ്റും നടപടികളോട് സഹകരിച്ച് രേഖകൾ ഒപ്പിടുവാൻ തയ്യാറായിരുന്നെങ്കിലും അകാരണമായി ദീർഘനേരം നിറുത്തിയതിന് ശേഷമാണ് ഒപ്പ് ഇട്ട ശേഷം വിട്ട് അയച്ചത്. തുടർന്ന് വീണ്ടും നടപടികൾ ഉണ്ടെന്നു പറഞ്ഞ് ഇവരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിർത്തുകയാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ ഒരു സാഹചര്യത്തെ വലിയ കുറ്റകൃത്യമായി ചമച്ചു കാട്ടുകയും, മാധ്യമ പ്രവർത്തകരെ അറിയിച്ചും, അവർക്ക് എത്തിചേരാൻ സമയം ഒരുക്കിയും, ചിത്രങ്ങൾ എടുപ്പിക്കുവാൻ ഉത്സാഹം കാട്ടിയും, അതിനു വേണ്ടി വൈദീകനെയും മറ്റും തടഞ്ഞുവെച്ചും പോലീസ് നടത്തിയ ആക്ഷേപകരമായ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിക്ക് കൈമാറി. തുടർ അന്വേഷണത്തിനും നടപടികൾക്കുമായി എറണാകുളം റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിശുദ്ധവാരത്തിലെ തിരുകർമ്മങ്ങളിൽ പോലും വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കി ലോക്ക് ഡൗണമായി സഹകരിച്ചു പോരുന്ന കൊച്ചി രൂപതയെയും സമദായ അംഗങ്ങളെയും സമൂഹ മദ്ധ്യത്തിൽ അപകീർത്തിപെടുത്തുവാൻ പോലീസ് നടത്തിയ അവഹേളനകരമായ പ്രവർത്തികളിൽ നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് കൊച്ചി രൂപതയിലെ കെ.എൽ.സി.എ, കെ.സി.വൈ.എം. എന്നീ സംഘടനകളിലെ മുൻകാല നേതാക്കളുടെ വേദിയായ ഫോർ മെർ ലീഡേഴ്സ് അലയൻസിൻ്റെ ചെയർമാൻ അഡ്വ.കെ.എക്സ്. ജൂലപ്പൻ, ജനറൽ കൺവീനർ ജോളി പവേലിൽ, കോർഡിനേറ്റർ സി.സി.ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു.
![](/images/close.png)