Arts - 2025
ജാലകങ്ങളില്‍ ക്രിസ്തീയ ചിത്രങ്ങള്‍: ലോക്ക് ഡൗണിലെ പുതിയ പ്രവണത ശ്രദ്ധയാകര്‍ഷിക്കുന്നു
സ്വന്തം ലേഖകന്‍ 22-04-2020 - Wednesday
ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദിവ്യബലിയിലും ദേവാലയ ശുശ്രൂഷകളിലും പങ്കുചേരാന്‍ കഴിയാതെ ഭവനങ്ങളില്‍ ആയിരിക്കുന്ന കുടുംബങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തി ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രിസ്തീയ ചിഹ്നങ്ങളും ചിത്രങ്ങളും ചില്ല് ജാലകങ്ങളിലും വാതിലുകളിലും വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്തുകൊണ്ടാണ് അനേകം കുടുംബങ്ങള്‍ ഭവനങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും ഈ ചിത്രങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്.
സ്വന്തം വീട്ടിലെ ചില്ലുജാലകങ്ങള്‍ വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കുന്നത് വഴി ദേവാലയത്തിന്റെ മനോഹാരിത സ്വന്തം വീടുകളിലേക്ക് കൊണ്ടുവരുവാനാണ് വിശ്വാസികളുടെ ശ്രമം. ഈസ്റ്റര്‍ കാലത്ത് വിശ്വാസത്തെ പ്രഘോഷിക്കുവാനും പങ്കുവെക്കുവാനുമുള്ള മനോഹരവും, രസകരവുമായ ഒരു മാര്‍ഗ്ഗമായാണ് ഇതിനെ സമൂഹം നോക്കി കാണുന്നത്. കുരിശും പരിശുദ്ധാത്മാവും അടക്കം വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രമേയമാണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്.
തന്റെ വീടിന്റെ ചില്ലുകൊണ്ടുള്ള വാതില്‍ ഇത്തരത്തില്‍ മനോഹരമാക്കിയ കാറ്റി ല്യോണ്‍ എന്ന വീട്ടമ്മയുടെ പടിപടിയായുള്ള നിര്‍ദ്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ലിറ്റര്‍ജിക്കല്‍ കളറുകളുടെ പ്രതീകാത്മകതയെക്കുറിച്ച് പഠിക്കുകയും, അത് ഡിസൈനില്‍ ഉള്‍പെടുത്തുകയും ചെയ്യുന്ന പ്രവണതയും ഈ ദിവസങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൊറോണക്കാലത്ത് ഉത്ഭവം കൊണ്ട ഒരു പ്രവണതയാണിതെങ്കിലും, ഈ പരിപാടി വര്‍ഷം തോറും ആചരിക്കണമെന്ന അഭിപ്രായക്കാരും കുറവല്ലെന്ന് കാറ്റി ല്യോണ്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക