News - 2025

വിയറ്റ്നാമിലെ 3 രൂപതകളിൽ പൊതുവായുള്ള വിശുദ്ധ കുർബാന പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍ 27-04-2020 - Monday

കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിച്ചതിനു പിന്നാലെ, വിയറ്റ്നാമിലെ 3 രൂപതകളിൽ പൊതുവായുള്ള വിശുദ്ധ കുർബാന പുനരാരംഭിച്ചു.

വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി ദേവാലയം തുറന്ന് വിശുദ്ധ കുർബാന അർപ്പിക്കാനുളള അനുവാദം വിൻഹ് രൂപതയുടെ മെത്രാനായ അൽഫോൻസ് ന്യൂജൻ ഹ്യൂ ലോങ്ങ്, തന്റെ രൂപതയിലെ വൈദികർക്ക് നൽകി. ഓൺലൈൻ വിശുദ്ധ കുർബാന അർപ്പണം ഏപ്രിൽ 25 ആം തീയതി മുതൽ കാണില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

നീ ആൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന രൂപത ഒരു മാസം മുമ്പാണ് പൊതു ബലിയർപ്പണം നിർത്തലാക്കിയത്. വിശുദ്ധ കുർബാനയുടെ ദൈർഘ്യം കുറയ്ക്കണമെന്നും, വളരെ കുറച്ച് ആളുകളെ മാത്രമേ കുർബാനയിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്നും ബിഷപ്പ് അൽഫോൻസ് ന്യൂജൻ നിർദേശിച്ചിട്ടുണ്ട്.

290,000 വിശ്വാസികളും, 183 വൈദികരുമാണ് വിൻഹ് രൂപതയിലുള്ളത്. മാസ്ക് ധരിച്ചുകൊണ്ട് കുർബാനയ്ക്ക് എത്തണമെന്നും, കൈകൾ നന്നായി കഴിക്കണമെന്നും, വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കണമെന്നും തുടങ്ങിയ നിർദ്ദേശങ്ങളും രൂപത മെത്രാൻ നൽകിയിട്ടുണ്ട്. ആരോഗ്യത്തെ പറ്റി കരുതൽ ഉണ്ടായിരിക്കണമെന്നും, വൈറസ് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യണമെന്നും അൽഫോൻസ് ന്യൂജൻ വിശ്വാസി സമൂഹത്തോട് പറഞ്ഞു.

ചെറിയ ജനപങ്കാളിത്തത്തോടെ പൊതു കുർബാന അർപ്പിക്കാൻ ഹാ തിൻഹ് രൂപതയുടെ മെത്രാനായ പോൾ ന്യൂജൻ, രൂപതയിലെ 132 വൈദികർക്ക് അനുവാദം നൽകി. വിശ്വാസികൾ ചെറിയ സംഘങ്ങളായി വേണം ഞായറാഴ്ചകളിലും, മറ്റേ തിരുനാൾ ദിവസങ്ങളിലും കുർബാനയിൽ പങ്കെടുക്കേണ്ടതെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ, ദേവാലയത്തിലേക്ക് വരരുതെന്നും ബിഷപ്പ് പോൾ ന്യൂജൻ പറഞ്ഞു.

ആവശ്യമായ അകലം പാലിച്ച് മാസ്ക് ധരിച്ച് വിശ്വാസികളെ കുമ്പസാരിക്കാനുള്ള അധികാരവും അദ്ദേഹം വൈദികർക്ക് നൽകി. ദക്ഷിണ വിയറ്റ്നാമിലെ മൈ തോ രൂപതയും, സർക്കാർ അനുവാദത്തോടുകൂടി പൊതു തിരുക്കർമ്മങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 24 വരെയുള്ള കണക്കുകൾ പ്രകാരം 270 പേർക്കാണ് വിയറ്റ്നാമിൽ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

More Archives >>

Page 1 of 543