Arts - 2025
ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള എത്യോപ്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പ് കണ്ടെത്തി
സ്വന്തം ലേഖകന്‍ 29-04-2020 - Wednesday
എത്യോപ്യ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നും ആയിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയത്തിന്റെ അവശേഷിപ്പ് പോളിഷ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. വാര്‍സോ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഓഫ് മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പുരാവസ്തു ഗവേഷകരാണ് ചരിത്ര പ്രാധാന്യമുള്ള കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. എത്യോപ്യയിലെ ‘ജോര്‍ജ്ജിയോസ് ആശ്രമത്തില്‍’ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഉദ്ഖനനം ആരംഭിച്ചത്. കൊറോണയെ തുടര്‍ന്ന്‍ എട്ടു ദിവസങ്ങള്‍ക്ക് ശേഷം ഉദ്ഖനനം നിര്‍ത്തിവേക്കേണ്ടി വന്നിട്ടും ഡോ. മൈക്കേല ഗ്വാഡിയല്ലോയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷക സംഘം ഡ്രോണിന്റെ സഹായത്തോടെ ഗവേഷണം തുടരുവാന്‍ തീരുമാനിക്കുകയായിരുന്നു.
ജോര്‍ജ്ജിയോസ് ആശ്രമത്തില്‍ സ്ഥിതി ചെയ്തിരുന്ന മധ്യകാല ദേവാലയത്തിന്റെ ഏതാനും മീറ്ററുകള്‍ നീളമുള്ള കല്‍തൂണുകള്‍ മാത്രമാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്. അവിടെ ഒരു ദേവാലയമുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ക്കു അറിയാമയിരുന്നുവെന്ന്‍ ഡോ. ഗ്വാഡിയല്ലോ വ്യക്തമാക്കി. എന്നാല്‍ ഈ ദേവാലയം പണികഴിപ്പിച്ച കാലഘട്ടം അറിയില്ലായിരുന്നു. അവിടെ നടത്തിയ രണ്ടു പുരാവസ്തു ഉദ്ഖനനങ്ങളിലും മധ്യകാലഘട്ട ദേവാലയത്തിന്റെ പുറം മതില്‍ എന്ന് അനുമാനിക്കപ്പെടുന്ന മതിലുകള്‍ പുരാവസ്തുഗവേഷകരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
ദേവാലയത്തിന്റെ തറയില്‍ ഗായകസംഘത്തിന്റെ ഇരിപ്പിടം പോലെ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു നിര്‍മ്മിതിയുടെ അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. എത്യോപ്യന്‍ ഭാഷയില്‍ ആലേഖനം ചെയ്തിട്ടുള്ള ഇഷ്ടികയും, കളിമണ്‍ പാത്രങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നടത്തിയ പരിശോധനയില്‍ നിന്നും എ.ഡി 700-നും 1100-നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയമായിരിക്കാം ഇതെന്നാണ് അനുമാനിക്കുന്നത്. ഇഷ്ടികയിലെ ആലേഖനത്തിന്റെ തര്‍ജ്ജമ പുരോഗമിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക