News - 2024

10 മില്യൺ യൂറോ സഹായം: കൊറോണ ബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി ഇറ്റാലിയൻ മെത്രാൻ സമിതി

പ്രവാചക ശബ്ദം 01-06-2020 - Monday

റോം: കൊറോണ വൈറസ് ബാധിത പ്രദേശങ്ങൾക്ക് കൈത്താങ്ങായി ഇറ്റാലിയൻ മെത്രാൻ സമിതി പത്തു മില്യൺ യൂറോ (84 കോടിയിലധികം രൂപ) സംഭാവന ചെയ്തു. ഓറഞ്ച്, റെഡ് തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട കോവിഡ് ബാധിത പ്രദേശങ്ങൾക്കുവേണ്ടിയാണ് തുക കൈമാറിയിരിക്കുന്നത്. വിശ്വാസികളില്‍ നിന്ന് ലഭിച്ച തുകയാണ് ഇപ്രകാരം സാമ്പത്തിക സഹായങ്ങൾ നൽകാൻ ഉപയോഗിക്കുന്നതെന്ന് മെത്രാൻ സമിതി വ്യക്തമാക്കി. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്കും, വ്യക്തികൾക്കും സഭയുടെ പ്രസ്ഥാനങ്ങൾക്കുമായി തുക വിനിയോഗിക്കുമെന്നും ഇറ്റാലിയൻ മെത്രാൻ സമിതി കൂട്ടിച്ചേർത്തു.

ഏപ്രിൽ മാസം രാജ്യത്തെ വിവിധ രൂപതകൾക്ക് 200 മില്യൺ യൂറോ സാമ്പത്തിക സഹായം മെത്രാൻ സമിതി നൽകിയിരുന്നു. ഇതുകൂടാതെ 9 മില്യൺ യൂറോയുടെ സഹായം ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ആവശ്യക്കാർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതു തുടരാൻ 'ദേർ ഈസ് എ കൺട്രി' എന്ന കാംപെയിനും മെത്രാൻ സമിതി ആരംഭിക്കുവാനിരിക്കുകയാണ്. കൊറോണ കാലത്ത് പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ മെത്രാന്‍ സമിതിയുടെ കീഴില്‍ കാരിത്താസ് ഇറ്റലിയാണ് പ്രധാനമായും ഇടപെടല്‍ നടത്തുന്നത്. അതേസമയം ഇറ്റലിയിൽ ഇതുവരെ 2,30,000നു മുകളിൽ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 33,000 ആളുകൾ മരണമടഞ്ഞു.


Related Articles »