India - 2024

കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ മലങ്കര കത്തോലിക്കാ സഭയുടെ ദേവാലയങ്ങള്‍ നാളെ തുറക്കും

08-06-2020 - Monday

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള കേരളത്തിലെ ദേവാലയങ്ങള്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ നാളെ മുതല്‍ വിശ്വാസികള്‍ക്കായി തുറക്കും. ജനപങ്കാളിത്തത്തോടെയുള്ള ആരാധനയ്ക്കു പ്രത്യേക മാനദണ്ഡങ്ങള്‍ സഭ പുറത്തിറക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ നടത്തുന്നതിനാണു നിര്‍ദേശം. ഒരു കാരണവശാലും ഇടവകകള്‍ വഴി വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത ഓരോ ഇടവകയും പുലര്‍ത്തണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.

വൈറസ് വ്യാപനം തടയുന്നതിനു വിശ്വാസികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുകയും വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹവ്യാപനം ഉണ്ടാകാതിരിക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യണം. ദേവാലയത്തില്‍ ഒരേസമയം ആരാധനയില്‍ സംബന്ധിക്കുന്നതിന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമൂഹിക അകലം കൃത്യമായി ഏവരും പാലിക്കണം. പരമാവധി 100 പേര്‍ ശാരീരിക അകല നിയമം കൃത്യമായി പാലിച്ചുവേണം ക്രമീകരിക്കാന്‍.

ഓരോ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷവും ദേവാലയങ്ങള്‍ വൃത്തിയാക്കണം. വിശ്വാസികള്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ദേവാലയത്തില്‍ ആരാധനയ്ക്കു വരുന്നവരുടെ പേരുവിവരം ഫോണ്‍ നന്പര്‍ ഉള്‍പ്പെടെ ഒരു പുതിയ രജിസ്റ്റര്‍ ബുക്കില്‍ ചേര്‍ത്ത് പള്ളിയില്‍ സൂക്ഷിക്കുകയും ഇതിനായി ഒന്നില്‍ കൂടുതല്‍ ആളുകളെ കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്യണം. ഈ പ്രത്യേക സാഹചര്യത്തില്‍ പരിചയമില്ലാത്തവരെ ദേവാലയ ശുശ്രൂഷകളില്‍ സംബന്ധിപ്പിക്കരുത്. ആരാധന ഇടവകാംഗങ്ങള്‍ക്കു മാത്രമായി നിജപ്പെടുത്തണം.

വിശുദ്ധ കുര്‍ബാന ഒരു മണിക്കൂറില്‍ അവസാനിപ്പിക്കണം. 10 മിനിറ്റ് വചനപ്രഘോഷണത്തിന് എടുക്കാവുന്നതാണ്. പ്രഭാതപ്രാര്‍ഥന വിശ്വാസികള്‍ ഭവനത്തില്‍ നടത്തിയതിനുശേഷം വേണം പള്ളിയിലേക്കു വരാന്‍. മതബോധന ക്ലാസുകള്‍ സഭാകേന്ദ്രത്തില്നിണന്ന് അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍, ഓണ്ലൈകന്‍ ക്ലാസുകള്‍ നടത്താവുന്നതാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ളവരും വിശുദ്ധ കുര്‍ബാനയ്ക്കു ദേവാലയത്തില്‍ വരരുത്. ദേവാലയ ശുചീകരണത്തിനുള്ള ഉപകരണങ്ങള്‍ ഇടവകകളുടെ ചെലവില്‍ ദേവാലയത്തില്‍ വാങ്ങിസൂക്ഷിക്കുകയും ഉപയോഗിക്കുകയും വേണം.

ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാനയ്ക്കു വരാന്‍ വിശ്വാസികള്‍ തിരക്കുകൂട്ടരുത്. മറ്റുദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയില്‍ വിവിധ ഗ്രൂപ്പുകളായി (ഇടവക തീരുമാനപ്രകാരം) സംബന്ധിക്കാം. ആവശ്യമെങ്കില്‍ ഇടവകയില്‍ ഒന്നില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിക്കാം. എല്ലാ ദിവസവുമുള്ള വിശുദ്ധ കുര്‍ബാനകളില്‍ ഇടവകയിലെ പ്രാര്‍ഥനാ ഗ്രൂപ്പുകളായി സംബന്ധിക്കുന്നതു വഴി ഇടവക മുഴുവന്‍ സജീവമാകുന്നതിനുള്ള പ്രായോഗിക അജപാലന ക്രമീകരണം നടത്തണം. ഗായകസംഘത്തെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ദേവാലയങ്ങളില്‍ അനുവദിക്കരുത്.

സഭാകേന്ദ്രത്തില്‍ നിന്ന് അറിയിപ്പു ലഭിക്കുന്നതുവരെ പള്ളികളില്‍ തിരുനാളാഘോഷം ഉണ്ടായിരിക്കില്ല. വിവാഹത്തിനും സംസ്‌കാരശുശ്രൂഷകള്‍ക്കും അതത് ഘട്ടത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ദേവാലയത്തിലും ആരാധനയിലും സര്‍ക്കാരും സഭയും മുന്‍പോട്ടു വച്ചിട്ടുള്ള നിബന്ധനകള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളിലെ ആരാധനാ ശുശ്രൂഷകള്‍ താത്കാലികമായി രൂപതാധ്യക്ഷന്‍ നിര്‍ത്തിവയ്ക്കണം. ആരാധനയ്ക്കു വരുന്നവര്‍ ഈ കാലയളവില്‍ ഭവനങ്ങളില്നികന്ന് പ്രാര്‍ഥനാപുസ്തകങ്ങള്‍ കൊണ്ടുവന്ന് ഉപയോഗിക്കണം.

ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നുള്ള സഭാ നിബന്ധനയില്‍ ഇളവു നല്‍കിയിട്ടുണ്ട്. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകരം ആ ആഴ്ചയിലെ ഏതെങ്കിലും ദിവസത്തെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചാല്‍ മതിയാവും. ഇനിയൊരു അറിയിപ്പ് നല്‍കുന്നതുവരെ ഈ ക്രമീകരണം പാലിച്ചാല്‍ മതി. ഇന്നു മുതല്‍ ദേവാലയത്തില്‍ ശുശ്രൂഷകള്‍ തുടങ്ങാം എന്ന അനുവാദത്തിന്റെ പേരില്‍ തിടുക്കം കൂട്ടാതെ ഒരുക്കത്തോടെയും ഇടവകാംഗങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും വേണം ശുശ്രൂഷകള്‍ ആരംഭിക്കാന്‍. ഈ ഒരുക്കത്തിന് 14 വരെ സാവകാശം ഉണ്ടായിരിക്കും. ഇക്കാര്യത്തില്‍ രൂപതകള്‍ക്കു തീരുമാനമെടുക്കാവുന്നതാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »