News - 2025
കൊറോണ വിതച്ച നന്മ: മെക്സിക്കോയില്‍ ഗര്‍ഭഛിദ്ര നിരക്ക് ഗണ്യമായി കുറഞ്ഞു
പ്രവാചക ശബ്ദം 11-06-2020 - Thursday
മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക്ഡൌണില്‍ മെക്സിക്കോയിലെ അബോര്‍ഷന്‍ നിരക്കില്‍ കാര്യമായ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ കാലത്ത് അബോര്‍ഷന്‍ നിരക്കില്‍ ഏതാണ്ട് നാല്പത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് വാര്‍ത്താമാധ്യമമായ മെക്സിക്കന്‍ ഡെയിലി എല്‍ യൂണിവേഴ്സലിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ക്ഡൌണ്‍ കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇറക്കുമതി ചെയ്ത ഗര്‍ഭനിരോധന ഗുളികകളുടെ കാലതാമസത്തേയും, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര കേന്ദ്രങ്ങളെ സമീപിക്കുവാനുള്ള സൗകര്യമില്ലായ്മയേയും കുറിച്ചും റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.
അതേസമയം പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍ കഴിയുന്ന ഈ സമയത്തും അബോര്‍ഷനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടെന്നത് അവിശ്വസനീയമാണെന്നാണ് മെക്സിക്കോയില്‍ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ സംഘാടകരായ ‘പാസോസ് പോര്‍ ലാ വിദാ’ (സ്റ്റെപ്സ് ഫോര്‍ ലൈഫ്) യുടെ വക്താവായ അലിസണ്‍ ഗോണ്‍സാലസ് പ്രസ്താവിച്ചു. ഗര്‍ഭഛിദ്രത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുവാനുള്ള പൊതു നയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പകരം കൊറോണ കാലത്തും അബോര്‍ഷന്‍ പ്രചരിപ്പിക്കുവാനാണ് ചില സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്നും ഗോണ്‍സാലസ് ആരോപിച്ചു.
പകര്‍ച്ചവ്യാധികാലത്ത് വീട്ടില്‍ തന്നെ അബോര്‍ഷന്‍ നടത്തുവാനുള്ള അനുവാദത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ധങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഇബോരെ-അമേരിക്കന്‍ മേഖലയിലെ പ്രോലൈഫ് സംഘടനയായ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ന്റെ ഡയറക്ടറായ മരിയ ലൂര്‍ദ്സ് വരേലയും രംഗത്തെത്തി. കുഞ്ഞുങ്ങളെ ശത്രുക്കളെപ്പോലെ കാണരുതെന്നും, നമുക്കുള്ളതുപോലത്തെ അവകാശങ്ങള്‍ തന്നെയാണ് കുഞ്ഞുങ്ങള്‍ക്കുള്ളതെന്നും അവര്‍ പറഞ്ഞു. 2007 മുതല്‍ 12 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രം മെക്സിക്കോ സിറ്റിയില്‍ നിയമവിധേയമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക