India - 2024

കുറ്റാരോപണ വിധേയരായ വൈദികർക്ക് തലശ്ശേരി അതിരൂപത വിലക്കേർപ്പെടുത്തി

പ്രവാചക ശബ്ദം 15-06-2020 - Monday

തലശ്ശേരി: തലശ്ശേരി അതിരൂപതയ്ക്കു കീഴിലുള്ള പൊട്ടന്‍പ്ലാവ്‌ ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ്‌ പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഇന്നലെയാണ് പുറത്തിറക്കിയത്. സന്മാതൃക നല്‍കേണ്ട വൈദികരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന്‌ ദൈവജനത്തോട്‌ അതിരൂപത മാപ്പു ചോദിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം

തലശ്ശേരി അതിരൂപതയില്‍പ്പെട്ട പൊട്ടന്‍പ്ലാവ്‌ ഇടവകയിലെ വികാരിമാരായിരുന്ന ഫാ. ജോസഫ്‌ പൂത്തോട്ടാല്‍, ഫാ. മാത്യു മുല്ലപ്പള്ളി എന്നിവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി ഇരുവര്‍ക്കും പൗരോഹിത്യ ശുശ്രൂഷയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയതായി അറിയിക്കുന്നു. അതിരൂപതാംഗമായ ഫാ. മാത്യു മുല്ലപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോപണങ്ങള്‍ ഉള്‍പെട്ട ഫോണ്‍ സംഭാഷണം പുറത്തുവന്ന ദിനം തന്നെ അന്വേഷണ കമ്മീഷനെ നിയമിക്കുകയും അദ്ദേഹത്തെ അജപാലനശുശ്രൂഷയിൽ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. സന്യാസസഭാംഗമായ ഫാ. ജോസഫ്‌ പൂത്തോട്ടാലിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രസ്തുത സഭയുടെ മേലധികാരികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സന്മാതൃക നല്‍കേണ്ട വൈദികരുടെ ഭാഗത്തുനിന്നും വിശ്വാസികള്‍ക്ക്‌ ഇടര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സംഭവിച്ചതിന്‌ ദൈവജനത്തോട്‌ അതിരൂപത മാപ്പു ചോദിക്കുന്നു. സംഭവങ്ങളെക്കുറിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയില്‍നിന്ന്‌ ആരോപണങ്ങള്‍ അറിഞ്ഞയുടന്‍ നിയമാനുസൃതമായ നടപടികള്‍ എടുത്ത അതിരൂപതയ്ക്കെതിരെ നിക്ഷിപ്ത താത്പര്യങ്ങളോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അവഗണിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ആവശ്യമായ നിയമനടപടി അതിരൂപത സ്വീകരിച്ചിട്ടുണ്ട്‌.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »