News - 2024

ഗര്‍ഭഛിദ്ര അനുമതി തേടിയുള്ള ദമ്പതികളുടെ കേസ് ഇന്ന് ഹൈക്കോടതിയില്‍: കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരും കോടതിയില്‍

പ്രവാചക ശബ്ദം 25-06-2020 - Thursday

കൊച്ചി: ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ, ഇരുപത്തിമൂന്നുആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഗർഭഛിദ്രം നടത്തുവാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദമ്പതികളുടെ കേസ് ഇന്ന്‌ (ജൂൺ 25) ഹൈക്കോടതി പരിഗണിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ സ്വീകരിച്ചു വളർത്തുവാൻ മാതാപിതാക്കള്‍ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പ്രോലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകനാണ് സാബു ജോസിന് വേണ്ടി ഹാജരാകുന്നത്.

ഉദരത്തിൽ സുരക്ഷിതമായി വളരുന്ന കുഞ്ഞിന് ഈ ഭൂമിയിൽ ജനിക്കുവാനുള്ള അവകാശവും സാഹചര്യവും നിഷേധിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നതെന്ന് സാബു ജോസ് പ്രവാചക ശബ്ദത്തോട് പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യം മോശമാണെന്ന മുന്‍വിധിയോടെ കൊല്ലാന്‍ ശ്രമിക്കുന്നത് അതീവ ദുഃഖകരമാണ്. ദൈവം സൃഷ്ട്ടിച്ചു അനുഗ്രഹിച്ച ജീവന്‍ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും മാതാപിതാക്കൾക്ക് ഉറപ്പുനൽകാമെന്നും നമ്മൾ കോടതിയെ അറിയിക്കും. നമ്മൾ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ സഹായ വാഗ്ദാനം അടക്കം ഹൈക്കോടതിക്കു ഉറപ്പുനൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള ഈ കുടുംബം വന്നതുപോലെ, പാലക്കാട്ടുനിന്നും ഭർത്താവ് ഉപേക്ഷിച്ച ഒരു സഹോദരിയും ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുന്നു. ഇത്തരം കേസുകൾ വർദ്ധിക്കുന്നതു പ്രോലൈഫ് സമൂഹത്തിന് വലിയ വേദനയാണ് ഉളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമപരമായി കോടതിയിൽ വന്ന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. ഇതുപോലെ കേസുകൾ വരുകയും എം‌ടി‌പി ആക്ടിന്റെ പിൻബലത്തിൽ അനുകൂല വിധിയും ലഭിച്ചാൽ, കുഞ്ഞുങ്ങളെ എപ്പോൾ വേണമെങ്കിലും വധിക്കാമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ ഉണ്ടാകും. എം‌ടി‌പി ആക്ടിന് എതിരെയുള്ള നമ്മുടെ പ്രാർത്ഥന, ബോധവൽക്കരണം, പ്രതിഷേധം തുടരേണ്ടതുണ്ട്. ഭ്രുണഹത്യ പാപമാണെന്നു പറയുവാനും പഠിപ്പിക്കുവാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ഇന്നു കോടതി കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധിയുണ്ടാകാന്‍ ഏവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിക്കുന്നതായും സാബു ജോസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »