Arts

വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ പാലയൂർ ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം

പ്രവാചക ശബ്ദം 03-07-2020 - Friday

തൃശൂർ: തൃശൂർ അതിരൂപതയിലെ പാലയൂർ തീർത്ഥകേന്ദ്രത്തെ സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രമായി പ്രഖ്യാപിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദുക്റാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 7 മണിക്ക് പാലയൂർ തീർത്ഥകേന്ദ്രത്തിൽ നടത്തിയ തിരുകർമ്മങ്ങൾക്ക് അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ എന്നിവർ സഹകാർമ്മികരായി. സീറോ മലബാർ സഭാ ചാൻസലർ റവ.ഫാ വിൻസെന്റ് ചെറുവത്തൂർ, തീർത്ഥകേന്ദ്രത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രമാക്കി ഉയർത്തി കൊണ്ടുള്ള സിനഡിന്റെ ഡിക്രി വായിച്ചു.

മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനങ്ങളോടനുബന്ധിച്ച് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പു കർമ്മം ദിവ്യബലിക്കു മുൻപും ജൂലായ് 11,12 തിയതികളിൽ നടക്കുന്ന തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെ കൊടികയറ്റം തിരുകർമ്മങ്ങൾക്ക് ശേഷവും ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു. ചടങ്ങില്‍ പി ഡി തോമസിന്റെ സംഗീത സംവിധാനത്തിൽ ഒരുക്കിയ അതിരൂപതയിലെ വിശുദ്ധ കുർബാനയുടെ പുതിയ സംഗീതം അവതരിപ്പിക്കുകയും സി ഡി പ്രകാശനവും നടത്തി.

ഇതോടെ ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ പള്ളിക്ക് സീറോ മലബാർ സഭയിലെ ദേവാലയങ്ങൾക്ക് ലഭിക്കുന്ന പരമോന്നത പദവിയാണ് ലഭിച്ചിരിക്കുന്നത്. ഇത് വരെ ഏഴ് പള്ളികൾക്കാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. മാർ തോമ്മാശ്ലീഹ സ്ഥാപിച്ച ഏഴ് പള്ളികളിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏക ദേവാലയമാണെന്ന പ്രത്യേകത കൂടി പാലയൂർ തീർത്ഥകേന്ദ്രത്തിനുണ്ട്. എഡി 52ൽ ക്രിസ്തു ശിഷ്യൻ മാർ തോമശ്ലീഹായാൽ സ്ഥാപിതമായതും സ്ഥാനം മാറാതെ നിലകൊള്ളുന്നതും നിരവധി ചരിത്രസ്മാരകങ്ങൾ ഉള്ളതുമായ പാലയൂർ പള്ളി 1972 ൽ തീർത്ഥകേന്ദ്രമായും 2000 ൽ അതിരൂപത തീർത്ഥകേന്ദ്രമായും ഉയര്‍ത്തപ്പെട്ടിരിന്നു.

2020 ജനുവരിയിൽ നടന്ന സീറോ മലബാർ സിനഡിലാണ് ദേവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കും ഉയര്‍ത്തുവാന്‍ തീരുമാനിക്കുന്നത്. മാർച്ച് 29 ന് പാലയൂർ മഹാതീർത്ഥാടന സമാപനത്തിലാണ് ഔദ്യോഗിക പദവി പ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് 19 ലോക്ക്ഡൗൺ ആയതിനാൽ നടത്താൻ സാധിക്കാതെ വരികയായിരിന്നു. തുടര്‍ന്നാണ് ദുക്റാന തിരുനാള്‍ ദിനവും സീറോ മലബാര്‍ സഭാദിനവുമായ ജൂലൈ മൂന്നിനു പ്രഖ്യാപനം നടത്തുവാന്‍ തീരുമാനമാകുന്നത്.

കോവിഡ് 19 പ്രത്യേക പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇന്നു തിരുകർമ്മങ്ങൾ നടത്തിയത്. തിരുക്കർമ്മങ്ങളിൽ പങ്കുചേരാന്‍ വിശ്വാസികള്‍ക്ക് ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും അവസരം ഒരുക്കിയിരുന്നു. ഇത്തവണത്തെ ദുക്റാന തിരുനാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി അഞ്ച് ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതിയ്ക്കു ദേവാലയ നേതൃത്വം രൂപം നൽകിയിട്ടുണ്ട്.

More Archives >>

Page 1 of 17