India - 2024

തലശ്ശേരി അതിരൂപതക്കെതിരെ അപകീർ‍ത്തി ശ്രമം: പരാതിയില്‍ പോലീസ് കേസെടുത്തു

പ്രവാചക ശബ്ദം 07-07-2020 - Tuesday

തലശ്ശേരി അതിരൂപതാ സഹായമെത്രാൻ‍ മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെയും വൈദികർക്കെതിരെയും വാസ്തവവിരുദ്ധവും അപകീർ‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തി യൂട്യൂബ് ചാനലിലും ഫേസ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ അതിരൂപത നിയമനടപടി സ്വീകരിച്ചു. സൈബർ ‍ സെല്ലിലും കണ്ണൂർ പോലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ പോൾ അമ്പാട്ട്, ജോബ്സണ്‍ ജോസ് എന്നീ വ്യക്തികൾക്കെതിരെയും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുമാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ വീഡിയോയിൽ‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിരൂപത പ്രസ്താവനയില്‍ വ്യക്തമാക്കി.

വിശ്വാസികൾക്കിടയിൽ‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചില വർഗ്ഗീയ സംഘടനകളും സഭാവിരുദ്ധ പ്രസ്ഥാനങ്ങളും ചേർ‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വീഡിയോ എന്ന് വ്യക്തമാണ്. അതിരൂപതക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളുടെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും നടപടികൾ‍ സ്വീകരിക്കണമെന്ന് പരാതിയിൽ ‍ അതിരൂപത ആവശ്യപ്പെട്ടു.

ക്രൈം നമ്പര്‍ 1010/2020 ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി കേരളാ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും അതിരൂപതാദ്ധ്യക്ഷന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പോൾ‍ അമ്പാട്ട് എന്ന വ്യക്തിയും ചില സൈബർ മീഡിയാകളും തന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് സ്ത്രീത്വത്തെ അപമാനിച്ചതായി പൊട്ടംപ്ലാവ് സ്വദേശിനിയായ ഒരു സ്ത്രീ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 331, 327 എന്നീ നമ്പറുകളിലായി നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രസ്തുത സ്ത്രീയുമായി ബന്ധപ്പെടുത്തി പോൾ‍ അമ്പാട്ട് ഈ വ്യാജ ആരോപണം ഉന്നയിച്ചത് എന്നതു ശ്രദ്ധേയമാണ്.

കെ.സി.ബി.സിയുടെയും സീറോമലബാർ‍ സഭയുടെയും മീഡിയാ കമ്മീഷന്‍ ചെയർമാൻ എന്ന നിലയില്‍ ബിഷപ്പ് പാംപ്ലാനി സ്വീകരിച്ച ധീരമായ നിലപാടുകളും മാധ്യമ ഇടപെടലുകളും ചില സഭാവിരുദ്ധ ഗ്രൂപ്പുകളിൽ ‍ അലോസരം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമായിട്ടാണ് വ്യക്തിഹത്യ ലക്ഷ്യമാക്കി അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നതെന്ന സത്യം സഭാവിശ്വാസികൾ‍ മനസ്സിലാക്കിയിട്ടുണ്ടെന്നും വ്യക്തിഹത്യ ലക്ഷ്യമാക്കി വീഡിയോ പ്രസിദ്ധീകരിച്ച നസ്രാണി യൂട്യൂബ് ചാനലിനെതിരെയും ജോബ്സണ്‍ ജോസിനെതിരെയും മറ്റ് ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും ഒരുകോടി രൂപയുടെ മാന നഷ്ടകേസിനുള്ള നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിരൂപത വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 331