News - 2020

ക്രിസ്തുവില്‍ വിശ്വസിച്ചു: ഇറാനിൽ 12 പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ അറസ്റ്റിലെന്നു ദേശീയ മാധ്യമം

പ്രവാചക ശബ്ദം 08-07-2020 - Wednesday

ടെഹ്‌റാന്‍: യേശു ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഇറാനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ടു പരിവര്‍ത്തിത ക്രൈസ്തവ വിശ്വാസികളെ റെവല്യൂഷണറി ഗാര്‍ഡ്സ് അംഗങ്ങള്‍ അന്യായമായി അറസ്റ്റ് ചെയ്തു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാനിയൻ മാധ്യമമായ ഇറാൻ ഫോക്കസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുൽകിയിരിക്കുന്നവരാണ്. ഇക്കഴിഞ്ഞ ജൂണ്‍ 30ന് ടെഹ്റാനിലെ യാഫ്താബാദ് ജില്ലയിലെ ഒരു ഭവനത്തില്‍ ചേര്‍ന്ന മുപ്പതുപേരടങ്ങുന്ന ക്രിസ്ത്യന്‍ കൂട്ടായ്മയിലേക്ക് ഇരച്ചുകയറിയ പത്തു പേരടങ്ങുന്ന ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് അംഗങ്ങളാണ് അറസ്റ്റ് നടത്തിയത്.

കാമറ ഓഫ് ചെയ്തതിനു ശേഷം പുരുഷന്മാരെ സ്ത്രീകളില്‍ നിന്നും മാറ്റിനിര്‍ത്തി പുസ്തകങ്ങളും ഫോണുകളും പിടിച്ചു വാങ്ങുകയും, അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന പേപ്പറില്‍ നിര്‍ബന്ധമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇവരില്‍ ആറു പേരെ കൈവിലങ്ങണിയിച്ച് കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജോസഫ് ഷഹ്ബാസിയാന്‍, റേസാ എന്‍. സാലര്‍ എ, സോണിയ എന്നിവര്‍ക്ക് പുറമേ മിനാ, മറിയം എന്നിവരെയാണ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. ക്രൈസ്തവർക്കും അക്രൈസ്തവരായ അവരുടെ കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

രാഷ്ട്രവിരുദ്ധ പ്രചാരണം നടത്തുന്നു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ജൂണ്‍ 21-ന് ഹബീബ് ഹെയ്ദാരി, സാം ഖോസ്രാവി, സാസന്‍ ഖോസ്രാവി, മറിയം ഫല്ലാഹി, മാര്‍ജന്‍ ഫല്ലാഹി, പൊരിയ പിമ, ഫത്തേമെ തലേബി എന്നീ ക്രൈസ്തവ വിശ്വാസികളും അറസ്റ്റിലായിരുന്നു. ഇറാനു പുറത്തുള്ള ഇറാനിയന്‍ സുവിശേഷകരുമായുള്ള ബന്ധം, ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളും പ്രതീകങ്ങളും, ഭവന കൂട്ടായ്മ എന്നിവയാണ് കുറ്റാരോപണമായി ഇവർ നിരത്തിയത്. ഇവരില്‍ ചിലര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും, ചിലര്‍ക്ക് തൊഴില്‍ വിലക്കും, ഉയര്‍ന്ന പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ഉണ്ടെങ്കിലും രാജ്യത്തെ ക്രൈസ്തവ സമൂഹം കടുത്ത പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »