India - 2024

പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് സിബിഎസ്ഇ പുന:പരിശോധിക്കണം: ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി

പ്രവാചക ശബ്ദം 10-07-2020 - Friday

ചങ്ങനാശേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സിലബസ്സ് ലഘൂകരണത്തിന്റെ പേരില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ, മതേതരത്വം, ജനാധിപത്യം, ദേശീയത, ഫെഡറലിസം, പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ സി.ബി.എസ്.ഇ. പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നു വെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാസമിതി.

കുട്ടികളെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും പക്വമായ മതേതര-ദേശീയ-ജനാധിപത്യകാഴ്ചപ്പാടുകള്‍ അവരില്‍ രൂപീകരിക്കുന്നതിനും പാഠ്യപദ്ധതിയില്‍ ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ രംഗത്തു നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കു പിന്നില്‍ സ്ഥാപിതതാല്പര്യങ്ങളും രാഷ്ട്രീയ അജണ്ടളും സൂക്ഷിക്കുന്നത് തലമുറകളോട് ചെയ്യുന്ന അപരാധവും, ക്രൂരതയുമാണ്. സിലബസ്സ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ പാടില്ലെന്നും, താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭാഗങ്ങള്‍ ഉപപാഠമായി ക്രമീകരിച്ച്, അവ കുട്ടികള്‍ സ്വയമായി പഠിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പ്രസ്തുതഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരീക്ഷകള്‍ നടത്തണമെന്നും നിലവിലുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും സമിതി കേന്ദ്രസര്‍ക്കാരിനോടും സി.ബി.എസ്സ്.ഇ.യോടും ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ യോഗത്തില്‍ അതിരൂപതാ പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ് കോടിക്കല്‍ വിഷയാവതരണം നടത്തി. ഡോ.ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, സെബാസ്റ്റ്യന്‍ കെ.വി., അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപറമ്പില്‍, ലിബിന്‍ കുര്യക്കോസ്, എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 331