Life In Christ - 2025
കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ അന്ത്യകൂദാശ നല്‍കുവാന്‍ നടന്നു നീങ്ങുന്ന യുവ വൈദികന്റെ ചിത്രം വൈറല്‍
പ്രവാചക ശബ്ദം 11-07-2020 - Saturday
പെന്നിസില്‍വാനിയ: അമേരിക്കയിലെ പെന്നിസില്‍വാനിയ സംസ്ഥാനത്തിലെ ലെബനോന്‍ നഗരത്തില്‍ അപകടത്തില്‍പ്പെട്ട മരണത്തിന്റെ വക്കിലെത്തിയ ആള്‍ക്ക് അന്ത്യകൂദാശ നല്‍കുവാന്‍ ഹൈവേയിലൂടെ മഴനനഞ്ഞ് നടന്നു പോകുന്ന വൈദികന്റെ ചിത്രം നവമാധ്യമങ്ങളില്‍ വൈറല്‍. ഇക്കഴിഞ്ഞ ജൂലൈ 8ന് ആറോളം കാറുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ടുമരിക്കാറായ ആള്‍ക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഴയെ അവഗണിച്ച് ഏകനായി നടന്നുനീങ്ങുന്ന വൈദികന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പ്രതികൂലമായ കാലാവസ്ഥയെയും റോഡിലെ തിരക്കുകളെയും വകവെക്കാതെ തന്റെ ശുശ്രൂഷ പൗരോഹിത്യം വിനിയോഗിച്ച വൈദികന്‍ ഫാ. ജോണ്‍ കില്ലാക്കേയാണെന്ന് പിന്നീട് വ്യക്തമായി.
പെന്നിസില്‍വാനിയയിലെ ലെബനോന്‍ പട്ടണത്തിലെ ഈസ്റ്റ് ഹാനോവറിലെ ഇന്റര്‍ സ്റ്റേറ്റ് 81 സൗത്തിലാണ് അപകടം നടന്നത്. കനത്ത മഴകാരണം ഗതാഗതം തടസ്സപ്പെട്ടതറിയാതെ പാഞ്ഞുവന്ന ഒരു കാര്‍ മുന്നില്‍ കിടന്നിരുന്ന മറ്റ് കാറുകളിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിനു കാരണമായത്. കാറോടിച്ചിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഇതറിഞ്ഞ ഫാ. കില്ലാക്കേ നിറുത്തിയിട്ടിരുന്ന കാറുകള്‍ക്കും, ട്രക്കുകള്‍ക്കും ഇടയിലൂടെ സഹായത്തിനും, അന്ത്യകൂദാശ നല്‍കുന്നതിനുമായി എത്തുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളാണ് വൈദികന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പരിക്കേറ്റയാള്‍ മരിക്കുന്നതിനു മുന്‍പ് അന്ത്യകൂദാശ നല്‍കുവാന്‍ വൈദികന് കഴിഞ്ഞു.
പ്രീസ്റ്റ്ലി ഫ്രറ്റേണിറ്റി ഓഫ് സെന്റ് പീറ്റര്‍ (എഫ്.എസ്.എസ്.പി) സഭാംഗമായ ഫാ. കില്ലാക്കേ ന്യൂ ജേഴ്സിയിലെ വെയ്നെ സ്വദേശിയാണ്. പെന്നിസില്‍വാനിയയിലെ ഹാരിസ്ബര്‍ഗിലെ മാറ്റര്‍ ദേയി ഇടവകയില്‍ സേവനം ചെയ്തുവരുന്ന അദ്ദേഹം ഈ അടുത്തകാലത്താണ് തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ പ്രഥമവാര്‍ഷികം ആഘോഷിച്ചത്. അദ്ദേഹത്തെ തങ്ങളുടെ ഇടവകയില്‍ ലഭിച്ചത് തങ്ങളുടെ അനുഗ്രഹമാണെന്നാണ് ഇടവകാംഗമായ വേറോണിക്കാ സെക്കോട്ട് പ്രതികരിച്ചു. പ്രതികൂലമായ കാലാവസ്ഥയെയും റോഡിലെ തിരക്കുകളെയും മറികടന്നുള്ള വൈദികന്റെ അജപാലന ശുശ്രൂഷയ്ക്കു സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക